തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ലഖിംപൂർ തിരിച്ചടിക്കുമെന്ന ആശങ്കയിൽ ബിജെപി
ബ്രാഹ്‌മണർ, മുസ്‌ലിംകൾ, കുർമികൾ, യാദവേദ ഒബിസികൾ എന്നീ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് ലഖിംപൂർ
ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്ന ആശങ്കയിൽ ബിജെപി. കർഷക സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചെങ്കിലും ദേശീയ നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കർഷകരുടെ ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞത് അപക്വമായ തീരുമാനമായി എന്ന വിലയിരുത്തലും നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയും ബുധനാഴ്ച ലഖിംപൂരിലെത്തുന്നത്.
ലഖിംപൂരിലെ അയൽപ്രദേശമായ പിലിഭിത്തിലെ ബിജെപി എംപി വരുൺ ഗാന്ധി കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയതും പാർട്ടിയെ പ്രതിരോധത്തിലാക്കി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിട്ടുണ്ട്. കർഷകർക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റുന്ന വീഡിയോയും വരുൺ ഗാന്ധി പങ്കുവച്ചിട്ടുണ്ട്.
പാർട്ടിക്ക് പരമ്പരാഗത മേൽക്കൈയുള്ള കിഴക്കൻ യുപിയിലാണ് പുതിയ സംഭവങ്ങൾ എന്നതും ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നു. കർഷക സമരത്തിന് നേരത്തെ പടിഞ്ഞാറൻ യുപിയിൽ മാത്രമാണ് വലിയ തോതിലുള്ള പിന്തുണയുണ്ടായിരുന്നത്. അതാണ് ഇപ്പോൾ കിഴക്കിലേക്ക് കൂടി വ്യാപിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലിഖിംപൂർ ജില്ലയിലെ എട്ടു സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു.
ബ്രാഹ്‌മണർ, മുസ്‌ലിംകൾ, കുർമികൾ, യാദവേദ ഒബിസികൾ എന്നീ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് ലഖിംപൂർ. എൺപത് ശതമാനം പേരും കരിമ്പുകൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. വൻകിട സിഖ് കർഷകർക്കിടയിൽ സംഭവം വലിയ രോഷമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ലഖിംപൂർ ഖേരിയോട് ചേർന്നു കിടക്കുന്ന അതിർത്തി ജില്ലകളായ പിലിഭിത്ത്, ഷാജഹാൻപൂർ, ഹർദോയ്, സീതാപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലും സമരത്തിന്റെ പ്രതിഫലം ഉണ്ടാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. മൊത്തം 42 നിയമസഭാ സീറ്റുകളാണ് ഈ ജില്ലകളിലുള്ളത്. ഇതിൽ 37 ഇടത്തും കഴിഞ്ഞ തവണ ജയിച്ചത് ബിജെപിയായിരുന്നു. കോൺഗ്രസുമായി ചേർന്നു മത്സരിച്ച എസ്പി നാലു സീറ്റിലും ബിഎസ്പി ഒരിടത്തും വിജയിച്ചിരുന്നു. 2012ൽ 25 സീറ്റിൽ ജയിച്ചിരുന്നത് സമാജ്‌വാദി പാർട്ടിയായിരുന്നു.
കർഷകരെ വാഹനമിടിച്ചു കയറ്റിക്കൊന്ന സംഭവം അരങ്ങേറിയ നിഘാസാൻ 1993 മുതൽ ബിജെപി ജയിക്കുന്ന നിയമസഭാ മണ്ഡലമാണ്. സംഭവത്തെ കുറിച്ച് പ്രാദേശിക ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞതിങ്ങനെ; 'ഡൽഹിയിലെ കർഷക സമരം യുപിയിൽ വലിയ പ്രതിഫലനമുണ്ടാക്കിയില്ല. എന്നാൽ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷക രോഷം ഞങ്ങൾക്കെതിരെയുണ്ട്. കാർഷികേതര മേഖലയിലെ അനുകമ്പ വരെ അവർക്ക് ലഭിക്കുന്നുണ്ട്. ഭരണകക്ഷിക്ക് അതു നല്ലതാകില്ല'.