എല്ലാവരും ഒരുമിച്ചു നിന്നാൽ ബിജെപിയെ 50 സീറ്റിലൊതുക്കാം, അതിനായാണ് താൻ പ്രവർത്തിക്കുന്നത്: നിതീഷ് കുമാർ
എൻഡിഎ സഖ്യംവിട്ട് ആർജെഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന അഭ്യൂഹം ശക്തമായത്.
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ 50 സീറ്റിൽ ഒതുക്കാനാവുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിൽ ജെഡിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിതീഷ് കുമാർ വീണ്ടും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എൻഡിഎ സഖ്യംവിട്ട് ആർജെഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന അഭ്യൂഹം ശക്തമായത്. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന നിതീഷ് കുമാർ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കളുമായി ചർച്ച നടത്തും.
മണിപ്പൂരിൽ ജെഡിയു വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർ തന്നെ ബിഹാറിൽ സന്ദർശിച്ചിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിജെപി ബന്ധം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്നാണ് അന്ന് അവർ പറഞ്ഞത്. മറ്റു പാർട്ടികളിൽനിന്ന് വിജയിച്ചുവന്ന എംഎൽഎമാരെ ബിജെപി എങ്ങനെയാണ് തകർക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും നിതീഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷം സമ്മതിക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർഥിയായിരിക്കും നിതീഷ് കുമാറെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞിരുന്നു. നീതിഷിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിന്റെ സൂചന നൽകുന്ന ബോർഡുകളും കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.