ത്രീഡി റാലിയുമായി ബിജെപി, വാർറൂമൊരുക്കാൻ എസ്പി; യുപിയിൽ ഡിജിറ്റൽ യുദ്ധത്തിനൊരുങ്ങി പാർട്ടികൾ

യുപിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്റെ സാമൂഹിക മാധ്യമ പേജുകളിലൂടെ വനിതകൾക്കായുള്ള കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്

Update: 2022-01-08 16:13 GMT
Advertising

ത്രീഡി ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ റാലിയുമായി ബിജെപിയും വാർറൂമൊരുക്കി സമാജ്‌വാദി പാർട്ടിയും ഓൺലൈൻ റാലികളുമായി പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു. ഒമിക്രോണടക്കം കോവിഡ് മൂന്നാം തരംഗം തീവ്രമാകുന്നതിനിടെ ഫെബ്രുവരി 10 മുതൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ യുദ്ധത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ഉത്തർപ്രദേശിലടക്കം പാർട്ടികൾ ഓൺലൈൻ സങ്കേതങ്ങൾ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

യുപിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്റെ സാമൂഹിക മാധ്യമ പേജുകളിലൂടെ വനിതകൾക്കായുള്ള കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. 'ലഡ്കി ഹൂ, ലഡ് സക്തി ഹൂ' അഥവാ പെണ്ണാണ്, പോരാടാനാകും എന്ന് അർത്ഥം വരുന്ന കാമ്പയിന്റെ ഭാഗമായി ലൈവുകൾ സംഘടിപ്പിക്കുകയാണ് പ്രിയങ്ക. ബറേലി ടൗണിൽ പാർട്ടി സംഘടിപ്പിച്ച മാരത്തോണിൽ മാസ്‌കില്ലാതെ നിരവധി പെൺകുട്ടികൾ എത്തിയതിനെ തുടർന്നാണ് പരിപാടികൾ ഓൺലൈനിലാക്കിയത്. ഇത്തരത്തിൽ ഓൺലൈൻ പ്രചാരണം ആദ്യമായി തുടങ്ങുന്ന രാഷ്ട്രീയ പാർട്ടിയും കോൺഗ്രസാണ്. റോഡ് ഷോ, പദയാത്ര, വാഹനജാഥ എന്നിവ ജനുവരെ 15 വരെ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശിച്ചിരിക്കുകയുമാണ്.

സമാജ്‌വാദി പാർട്ടി ഇതുവരെ ഡിജിറ്റൽ കാമ്പയിൻ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ 2017 തെരഞ്ഞെടുപ്പിൽ തന്നെ എസ്പിയുടെ സോഷ്യൽ മീഡിയ വാർ റൂം സജീവമായിരുന്നു. വലിയ പദ്ധതികൾ എസ്പി ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വാർത്തകളിൽ പറയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 400ലധികം മണ്ഡലങ്ങൾക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപവത്കരിച്ചിട്ടുണ്ട്. അവയുടെ ലിങ്കുകൾ പാർട്ടി പ്രവർത്തകർക്കായി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇവ വഴി പാർട്ടി കാമ്പയിനുകളുടെ നിരവധി ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നുണ്ട്. 2012-17 കാലയളവിൽ അഖിലേഷ് യാദവ് ഭരിച്ചപ്പോഴുള്ള സാഹചര്യവും ഇപ്പോൾ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിലുള്ള അവസ്ഥയും താരതമ്യം ചെയ്ത് നിരവധി പോസ്റ്ററുകളും ഇരു പാർട്ടിക്കാർ ഓൺലൈൻ ലോകത്ത് പ്രചരിപ്പിക്കുന്നുണ്ട്. 'ഫർക്ക് സാഫ് ഹൈ' എന്ന പേരിലുള്ള കാമ്പയിൻ ഇരു പാർട്ടികളും നടത്തുന്നുണ്ട്. അഖിലേഷിനെ അഴിമതിയെയും മാഫിയയെയും പിന്തുണക്കുന്നയാളായാണ് ബിജെപി ചിത്രീകരിക്കുന്നത്. അതിന് തക്ക മറുപടി നൽകുകയാണ് എസ്പി പ്രവർത്തകർ.

സാമൂഹിക മാധ്യമ പ്രചാരണങ്ങളിൽ ബിജെപിക്ക് മുൻതൂക്കമുണ്ട്. കഴിഞ്ഞ മാസം മുതൽ പത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകിവരുന്നുമുണ്ട്. 'ഡബിൾ എൻജിൻ കി സർക്കാർ' എന്ന പേരിൽ സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപി ഭരണവും അതുവഴിയുള്ള നേട്ടവും ചൂണ്ടിക്കാട്ടിയാണ് പല പരസ്യങ്ങളും. അവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളും ഉപയോഗിക്കുകയാണ്. 'സോച്ച് ഇമാൻദാർ, കാം ദാംദാർ' 'ഫർക് സാഫ് ഹൈ' കാമ്പയിനുകളിലും വാട്‌സ്ആപ്പിലും ട്വിറ്ററിലുമൊക്കെ സജീവമാണ്. സംസ്ഥാനത്തെ ഒന്നര ലക്ഷം ബൂത്തുകളിലെ പ്രവർത്തകരെ അണിചേർത്ത് പ്രവർത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ബിജെപിക്ക് നേരത്തെയുണ്ട്.

ബിഎസ്പിയുടെ മുതിർന്ന നേതാവ് സതീഷ് ചന്ദ്ര മിശ്രയുടെ റാലികൾ ഫേസ്ബുക്ക് വഴി ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ എതിരാളികളുടെയത്ര മികച്ചതല്ല അവരുടെ ഓൺലൈൻ സാന്നിധ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ പാർട്ടികളും വാൻ, ട്രക്ക് എന്നിവയിൽ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിച്ച് വിഡിയോ കാമ്പയിനുകളും നടത്തും. ഗ്രാമപ്രദേശങ്ങളിലായിരിക്കും ഇത്തരം കാമ്പയിൻ കൂടുതൽ നടക്കുക.

അഞ്ചു സംസ്ഥാനങ്ങൾ, ഏഴു ഘട്ടം; നിയമസഭാ പോരിൽ അറിയേണ്ട 10 കാര്യങ്ങൾ

ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളടക്കം അഞ്ചു സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവ സംബന്ധിച്ച് അറിയേണ്ട പത്തു കാര്യങ്ങൾ വായിക്കാം.

1. വോട്ടെടുപ്പ് എവിടെയൊക്കെ?

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

2. എന്നാണ് തെരഞ്ഞെടുപ്പ്?

ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10 നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് മൂന്ന് എന്നീ തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് എന്നീ ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് അരങ്ങേറുക.

3. ആകെ വോട്ടർമാർ?

അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 18.34 കോടി വോട്ടർമാർ. ഇവർക്കായി 2,15,368 പോളിങ് സ്റ്റേഷനുകൾ. 24.5 ലക്ഷം പുതിയ വോട്ടർമാർ.

4. എത്ര മണ്ഡലങ്ങൾ? പോളിങ് സൗകര്യം?

600 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകും. പോളിംഗ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചു. പ്രശ്‌നസാധ്യത ഉള്ള ബൂത്തുകളിൽ വെബ് കാസ്റ്റിങ്. പോളിങ് സമയം ഒരു മണിക്കൂർ നീട്ടി. പോളിങ് ബൂത്തുകൾ സാനിറ്റൈസ് ചെയ്യും. പോളിങ് ബൂത്തിലെ സൗകര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ പ്രത്യേക പരിപാടികൾ നടത്തും. ഭിന്നശേഷിക്കാർക്കും എല്ലാ സൗകര്യങ്ങളും ഒരുക്കും.

5. കോവിഡ് രോഗികൾ എങ്ങനെ വോട്ട് ചെയ്യും?

കോവിഡ് രോഗികൾക്കും 80 കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കും.

6. പ്രചാരണം എങ്ങനെ?

പ്രചാരണം വെർച്വലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം. ഡിജിറ്റൽ, വിർച്ച്വൽ പ്രചാരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. റോഡ് ഷോ, പദയാത്ര, വാഹനജാഥ എന്നിവ ജനുവരെ 15 വരെ നടത്തരുത്. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ മാത്രം അനുവദിക്കും. വിജയാഹ്ലാദങ്ങളും നിയന്ത്രിക്കും.

7. നാമനിർദേശവും സ്ഥാനാർഥികളുടെ വിവരങ്ങളും

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. പറഞ്ഞു. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തും. നോ യുവർ കാൻഡിഡേറ്റ് ആപ്പിലും സ്ഥാനാർഥികളുടെ വിവരങ്ങൾ ഉണ്ടാകും.

8. അട്ടിമറി എങ്ങനെ തടയാം?

പണവും മദ്യവും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനാക്കാനുള്ള ശ്രമങ്ങൾ തടയും. സി വിജിൽ ആപ്പിലൂടെ വോട്ടർമാർക്ക് പരാതി അറിയിക്കാം. വെബ് കാസ്റ്റിങ് നിരിക്ഷിക്കാം.

9. എത്ര പണം ചെലവിടാം?

തെരഞ്ഞെടുപ്പ് ചെലവ് പരിധി ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം. ഗോവയിലും മണിപ്പൂരിലും 28 ലക്ഷം.

10. ഉദ്യോഗസ്ഥർക്ക് വാക്‌സിൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റർ ഡോസ് വാക്‌സിനും സ്വീകരിക്കണം.

Full View

BJP with 3D rally, SP to prepare for digital war room; Parties preparing for digital war in UP

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News