കോവിഡ് രണ്ടാം തരംഗം വന്നില്ലായിരുന്നെങ്കിൽ ബംഗാളിൽ ബിജെപി ജയിക്കുമായിരുന്നു: ജെ.പി നദ്ദ
അടുത്ത തവണ അധികാരത്തിലെത്താൻ കഴിയുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങൾക്ക് ആത്മവിശ്വാസമുണ്ട് - നദ്ദ പറഞ്ഞു.
കൊൽക്കത്ത: കോവിഡ് രണ്ടാം തരംഗം പ്രചാരണത്തെ ബാധിച്ചിരുന്നില്ലെങ്കിൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമായിരുന്നെന്ന് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ബംഗാളികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ബിജെപി പോരാട്ടം തുടരുമെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അധികാരം പിടിക്കാനായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണം നടത്തിയെങ്കിലും മമതാ ബാനർജിയുടെ ജനപ്രീതിക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. എന്നാൽ കോവിഡ് കാരണമാണ് തങ്ങൾ പരാജയപ്പെട്ടതെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ഇപ്പോൾ പറയുന്നത്.
നാലാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം പൂർണമായും നിലച്ചു. ബാക്കിയുള്ള ഘട്ടങ്ങൾ പ്രചാരണമില്ലാതെയാണ് നടന്നത്. അടുത്ത തവണ അധികാരത്തിലെത്താൻ കഴിയുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങൾക്ക് ആത്മവിശ്വാസമുണ്ട് - നദ്ദ പറഞ്ഞു.
ബംഗാളിൽ നിയമവാഴ്ച തകർന്നെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബിഹാറിന്റെ മാതൃകയിൽ ബംഗാളിലും നിയമവാഴ്ച പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ജയിലിൽ പോവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? പക്ഷെ നിയമം അതിന്റെ ശരിയായ വഴിയിൽ പോയപ്പോൾ അത് സംഭവിച്ചു. സമാനമായ അനുഭവം ബംഗാളിലും ഉണ്ടാവുന്ന കാര്യം വിദൂരമല്ലെന്നും നദ്ദ പറഞ്ഞു.