'ഭരണവിരുദ്ധ വികാരം ശക്തം', രൂപാണിയെ മാറ്റണമെന്ന് ആര്‍എസ്എസ് പറഞ്ഞു; അമിത് ഷായുടെ വിശ്വസ്തനായിട്ടും സ്ഥാനം തെറിച്ചു
അമിത് ഷായുടെ വിശ്വസ്തനായിട്ടും വിജയ് രൂപാണിക്കു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പിന്മാറേണ്ടിവന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഗുജറാത്തിൽ ബിജെപി ഇതാദ്യമായി തിരിച്ചടിയുടെ സൂചനകൾ മണത്തുതുടങ്ങിയതിന്റെ അനുരണനമാണ് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍
ഗുജറാത്തിൽ നിർണായകമായ രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി ക്യാംപിൽ ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ ഏറ്റവും കരുത്തനായ നേതാവുമായ അമിത് ഷായുടെ വിശ്വസ്തനായിട്ടും വിജയ് രൂപാണിക്കു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടിവന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഗുജറാത്തിൽ ബിജെപി ഇതാദ്യമായി തിരിച്ചടിയുടെ സൂചനകൾ മണത്തുതുടങ്ങിയതിന്റെ ഭാഗമാണ് രൂപാണിയുടെ പിന്മാറ്റവും വരുംദിവസങ്ങളില്‍ വരാനിരിക്കുന്ന വിപുലമായ മന്ത്രിസഭാ, രാഷ്ട്രീയമാറ്റങ്ങളും.
ആർഎസ്എസ് പറഞ്ഞു: 'ഇങ്ങനെ പോയാൽ സംസ്ഥാനം നഷ്ടപ്പെടും'
2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കുന്നത്. ഇതിനുമുന്നോടിയായി അടുത്തിടെ സംസ്ഥാനത്ത് ജനാഭിപ്രായം തേടി ആർഎസ്എസ് ഒരു സർവേ നടത്തിയിരുന്നു. ആ സർവേയിലെ കണ്ടെത്തലുകളാണ് ബിജെപിയെ ഗൗരവതരമായ പുനരാലോചനകളിലേക്കും ഭരണരംഗത്തെ മുഖച്ഛായ മാറ്റങ്ങളിലേക്കും നയിച്ചതെന്നാണ് അറിയുന്നത്.
വിജയ് രൂപാണിയെ മുന്നിൽവച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനാകില്ലെന്നായിരുന്നു ആർഎസ്എസ് സർവേയിലെ പ്രധാന കണ്ടെത്തൽ. ഏറ്റവുമൊടുവിൽ കോവിഡ് പ്രതിരോധത്തിൽ രൂപാണി സർക്കാർ അമ്പേ പരാജയമാണെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ അടുത്തിടെ സംസ്ഥാനവ്യാപകമായി നടന്ന ജൻ സംവേദനയാത്ര ഇതേ വികാരം ജനങ്ങൾക്കിടയിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 27 വർഷം തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. 1998ൽ കേശുഭായ് പട്ടേലായിരുന്നു ബിജെപിയുടെ ആ തേരോട്ടത്തിന് തുടക്കമിട്ടത്. 2001ൽ നരേന്ദ്ര മോദി അധികാരമേറ്റതിനു പിറകെ ഗുജറാത്ത് ബിജെപിയുടെ ഇളക്കമില്ലാത്ത കോട്ടയായി മാറി. എന്നാൽ, സംസ്ഥാനത്തെ ബിജെപിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ അടിത്തട്ടിൽ നിലനിൽക്കുന്നതെന്നാണ് ആർഎസ്എസ് കണ്ടെത്തൽ.
അമിത് ഷായുടെ വിശ്വസ്തനായിട്ടും...!
അമിത് ഷായുടെ അടുത്ത സുഹൃത്താണ് വിജയ് രൂപാണി. എന്നാൽ, ആർഎസ്എസ് സർവേ കൃത്യമായ ഗ്രൗണ്ട് റിപ്പോർട്ടാണെന്നു പാർട്ടി ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടതിന്റെ അനുരണനമാണ് രൂപാണിയുടെ പിന്മാറ്റം.
കഴിഞ്ഞ ദിവസം അമിത് ഷാ സംസ്ഥാനത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. രണ്ടുദിവസം മുൻപ് രാത്രി അഹ്‌മദാബാദിലെത്തിയ അമിത് ഷാ പിറ്റേന്ന് ഡൽഹിയിലേക്കു തന്നെ തിരിക്കുകയും ചെയ്തു. രൂപാണിയുടെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തെ ഉന്നതനേതൃത്വവുമായി ചർച്ച ചെയ്യാനായിരുന്നു അമിത് ഷായുടെ വരവ് എന്നാണ് വിവരം.
പുതിയൊരു മുഖ്യമന്ത്രിയെ അവതരിപ്പിച്ച് പ്രതിച്ഛായ തിരിച്ചുപിടിക്കുകയാകും ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രൂപാണിക്കു പിറകെ വേറെയും മന്ത്രിമാർക്ക് സ്ഥാനം തെറിക്കാൻ സാധ്യത കാണുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷത്തിലേറെ ബാക്കിയുള്ളതിനാൽ ജനവികാരം മാറ്റാനുള്ള ആവശ്യത്തിനുള്ള സമയം കൈയിലുണ്ടെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്.