റിസോർട്ടിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് യു.പിയിൽ അറസ്റ്റിൽ
ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനു പിന്നാലെ ഉത്തർപ്രദേശിലേക്ക് കടന്നതായിരുന്നു മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ. മരക്
ലഖ്‌നൗ: റിസോർട്ടിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ. മരക് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽനിന്നാണ് മരകിനെ മേഘാലയ പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി റിസോർട്ടിൽ നടന്ന റെയ്ഡിനു പിന്നാലെ മരക് ഒളിവിലായിരുന്നു.
മേഘാലയിലെ തുറയിലാണ് റിംപു ബഗാൻ എന്ന പേരിൽ റിസോർട്ട് പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഘാലയ പൊലീസ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചിരുന്ന ആറു കുട്ടികളെ കേന്ദ്രത്തിൽനിന്ന് രക്ഷിച്ചിരുന്നു. സ്ഥലത്തുനിന്ന് 73 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
റെയ്ഡിനു പിന്നാലെ തുറ കോടതി ബി.ജെ.പി നേതാവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന പൊലീസ് മരകിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾ യു.പിയിലേക്ക് രക്ഷപ്പെടുകയാണ് ചെയ്തത്. ഇന്ന് മേഘാലയ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം മരക് പിടിയിലാകുകയും ചെയ്തു.
റിസോർട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് റെയ്ഡിൽ വ്യക്തമായതായി പൊലീസ് അറിയിച്ചിരുന്നു. വായുസഞ്ചാരമില്ലാത്തതും വൃത്തിഹീനവുമായ മുറികളിൽ പൂർണനഗ്‌നരായും അർധനഗ്‌നരായുമാണ് കുട്ടികളെയടക്കം നിരവധി പേരെ കണ്ടെത്തിയത്. കുട്ടികൾക്കു പുറമെ 47 യുവാക്കളെയും 26 സ്ത്രീകളെയുമാണ് റിസോർട്ടിൽനിന്ന് പിടികൂടിയത്.
30 ചെറിയ മുറികളാണ് ഫാംഹൗസിലുള്ളത്. വേശ്യാവൃത്തിക്കായായിരുന്നു കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. 400 മദ്യക്കുപ്പികളും 500ഓളം ഗർഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി എസ്.പി അറിയിച്ചു.
Summary: BJP's Meghalaya vice president Bernard N Marak, accused of operating a brothel at his farmhouse, has been arrested in Uttar Pradesh