ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിക്കു നേരെ വധശ്രമം
കാറില്‍ സഞ്ചരിക്കവേ ചൊവ്വാഴ്ച രാത്രി അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു
ലഖ്നൌ: ലഖിംപൂർ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷിയും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ ദിൽബാഗ് സിങിന് നേരെ ആക്രമണം. കാറില്‍ സഞ്ചരിക്കവേ ചൊവ്വാഴ്ച രാത്രി അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. ദിൽബാഗ് സിങ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അജ്ഞാതര്‍ തന്‍റെ വാഹനത്തിനു നേരെ മൂന്നു തവണ വെടിയുതിര്‍ത്തെന്ന് ദിൽബാഗ് സിങ് പറഞ്ഞു. സിങിന്‍റെ പരാതിയിൽ ലഖിംപൂർ ഖേരിയിലെ ഗോല പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. എന്നാല്‍ ആരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗോല സർക്കിൾ ഓഫീസർ രാജേഷ് കുമാർ പറഞ്ഞു. ദിൽബാഗ് സിങിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി രാജേഷ് കുമാർ പറഞ്ഞു.
രാത്രി 8.30ഓടെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ട് പേർ മോട്ടോർ സൈക്കിളിൽ പിന്തുടരുകയായിരുന്നുവെന്ന് ദില്‍ബാഗ് സിങ് പറഞ്ഞു. കാറിന് നേരെ വെടിയുതിര്‍ത്തതിനു പിന്നാലെ ടയറുകളിലൊന്ന് പൊട്ടിത്തെറിച്ചു. ഉടന്‍ വാഹനം നിന്നു. അക്രമികൾ പിന്നാലെ വന്ന് കാറിന്റെ ഡോര്‍ തുറക്കാൻ ശ്രമിച്ചു. അവര്‍ രണ്ടു തവണ കാറിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടെന്നും ദില്‍ബാഗ് സിങ് പറഞ്ഞു. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് മകന് അസുഖമായതിനാല്‍ തന്‍റെ കൂടെയുണ്ടായിരുന്നില്ലെന്നും 15 മിനിറ്റ് കഴിഞ്ഞാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. നാല് കർഷകരും മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ആശിഷ് മിശ്ര ഉൾപ്പെടെ 13 പേര്‍ അറസ്റ്റിലായി. ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുടെ ഹരജി പരിഗണിച്ച സുപ്രിംകോടതി ജാമ്യം റദ്ദാക്കി.