'തന്റെ പ്രവർത്തികളുടെ അർത്ഥമറിയാനുള്ള കാര്യശേഷി പെൺകുട്ടിക്കുണ്ട്'; പോക്‌സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി

Update: 2025-02-23 07:42 GMT
Editor : സനു ഹദീബ | By : Web Desk
തന്റെ പ്രവർത്തികളുടെ അർത്ഥമറിയാനുള്ള കാര്യശേഷി പെൺകുട്ടിക്കുണ്ട്; പോക്‌സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
AddThis Website Tools
Advertising

മുംബൈ: 14 കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ 24 കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയും ആണ്‍കുട്ടിയും പരസ്പര സമ്മതത്തോടെ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പെണ്‍കുട്ടിക്ക് അവളുടെ പ്രവൃത്തിയുടെ അര്‍ഥം അറിയാന്‍ മതിയായ അറിവും കാര്യശേഷിയുമുണ്ടെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

സംഭവം നടക്കുന്ന സമയം 14 വയസുള്ള പെൺകുട്ടി മൂന്ന് രാത്രിയും നാല് പകലും സ്വമേധയാ പ്രതിക്കൊപ്പം താമസിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുമായി പ്രണയത്തിലായിരുന്നു എന്നും സമ്മതപ്രകാരമുള്ള ബന്ധമാണെന്നും പെൺകുട്ടി കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ജസ്റ്റിസ് മിലിന്ദ് ജാദവ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

തട്ടികൊണ്ടുപോകല്‍, പീഡനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 19 വയസ്സുള്ളപ്പോൾ ആണ് പ്രതി കേസിൽ അറസ്റ്റിലായത്. പിന്നീട് അഞ്ച് വർഷം വിചാരണയില്ലാതെ ജയിലിൽ തുടരുകയായിരുന്നു.

സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നും, പെൺകുട്ടിയുടെ സമ്മതം കണക്കിലെടുക്കാൻ ആവില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എന്താണ് ചെയ്യുന്നത് എന്നറിയാന്‍ പെണ്‍കുട്ടിക്ക് മതിയായ അറിവും ശേഷിയും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ഇരുവരും തമ്മിൽ രണ്ട് വർഷമായി പരിചയമുണ്ടെന്നും, പ്രണയബന്ധത്തെക്കുറിച്ച് പിതാവിന് അറിവുണ്ടായിരുന്നുവെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News