രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
ബിജെപി എംപി നിഷികാന്ത് ദുബെയാണ് സ്പീക്കർക്ക് പരാതി നൽകിയത്.
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ഭരണഘടനാ ചർച്ചയിൽ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.
അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ബിജെപി രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം സഭാ വളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ബിജെപി എംപിയെ ആക്രമിച്ചുവെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ കാൽമുട്ടിന് പരിക്കേറ്റതായും പരാതിയുണ്ടായിരുന്നു.