വിവാഹത്തിന് തൊട്ടുമുമ്പ് വരൻ മുങ്ങി; 20 കിലോമീറ്റർ പിന്തുടർന്ന് തിരികെ കൊണ്ടുവന്ന് വധു
വിവാഹ വേഷത്തിൽ തന്നെയാണ് യുവതി വരനെ തേടിയിറങ്ങിയത്
ന്യൂഡൽഹി: പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിനൊരുങ്ങുന്ന സന്തോഷത്തിലായിരുന്നു വധു. എന്നാൽ കല്യാണത്തിന് തൊട്ടുമുമ്പ് വരൻ മുങ്ങിയാൽ എന്താവും അവസ്ഥ. അപ്രതീക്ഷിതമായ സംഭവത്തിൽ തകർന്ന് പോകാതെ വധു കാണിച്ച ധൈര്യത്തിന് കൈയടിക്കുകയാണ് സോഷ്യൽമീഡിയ ഇപ്പോൾ.
ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഒരു കല്യാണത്തിലാണ് അസാധാരണ 'ട്വിസ്റ്റുകൾ' നടന്നത്. രണ്ടരവർഷത്തെ പ്രണയത്തിനൊടുവിലാണ് യുവതിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചെയ്തു. ഞായറാഴ്ച ബറേലി നഗരത്തിന് പുറത്തുള്ള ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം തീരുമാനിച്ചത്.
പക്ഷേ വിവാഹത്തിന്റെ മുഹൂർത്തമെത്തിയിട്ടും വരനെ കാണുന്നില്ല. ഫോൺവിളിച്ചപ്പോൾ അമ്മയെ വേദിയിലേക്ക് കൊണ്ടുവരാൻ പോയതാണെന്ന് വരൻ മറുപടി നൽകി. എന്നാൽ വരൻ മുങ്ങിയതാണെന്ന സത്യം യുവതി മനസിലാക്കി. എന്നാൽ തകർന്നിരിക്കാൻ യുവതി തയ്യാറായില്ല. വിവാഹ വേഷത്തിൽ തന്നെ യുവതി വരനെ തേടിയിറങ്ങി. ഏകദേശം 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ബറേലി നഗരപരിധിക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വരനെ കണ്ടെത്തി.
രണ്ടുമണിക്കൂർ നീണ്ടുനിന്ന നാടകീയമായ സംഭവങ്ങൾക്ക് അതോടെ വിരാമമായി. ഒടുവിൽ വധുവും അയാളുടെ കുടുംബവും വരനെ തിരിച്ച് വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിന്‍റെ ഫോട്ടോകളും പുറത്തുവന്നു. അതേസമയം, എന്തിനാണ് വരൻ ഒളിച്ചോടിയത് എന്നകാര്യം വ്യക്തമല്ല. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാഹത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയ വരനെ തിരിച്ചുകൊണ്ടുവരാൻ വധു കാണിച്ച ധൈര്യത്തെ എല്ലാവരും അഭിനന്ദിക്കുകയാണ്.