നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനെത്തിയില്ല; വരന്‍റെ വീടിനു മുന്നില്‍ വധുവിന്‍റെ ധര്‍ണ

വരന്‍റെ വീടിനു മുന്നില്‍ കല്യാണപ്പയ്യന്‍റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്‍റെ ധര്‍ണ

Update: 2021-11-23 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താത്തതിനെ തുടര്‍ന്ന് ധര്‍ണയുമായി വധു. വരന്‍റെ വീടിനു മുന്നില്‍ കല്യാണപ്പയ്യന്‍റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്‍റെ ധര്‍ണ. ഒഡിഷയിലെ ബെർഹാംപൂരിലാണ് സംഭവം.

ഡിംപിള്‍ റാഷ് എന്ന യുവതിയും സുമീത സാഹു എന്ന യുവാവും നേരത്തെ രജിസ്ട്രര്‍ ഓഫീസില്‍ വച്ച് വിവാഹിതരായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനായിരുന്നു. ഇരു കുടുംബങ്ങളുടെ തീരുമാനം. എന്നാൽ, ഡിംപിളും കുടുംബവും മണ്ഡപത്തില്‍ എത്തിയപ്പോൾ വരനെയും കുടുംബത്തെയും എത്തിയിരുന്നില്ല. ഡിംപിളും ബന്ധുക്കളും ഫോണില്‍ വിളിച്ചെങ്കിലും വരനും കൂട്ടരും പ്രതികരിച്ചില്ല. കുറച്ചു നേരം കാത്തുനിന്ന ശേഷം ഡിംപിളും അമ്മയും കൂടി സുമീതിന്‍റെ വീടിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.



സംഭവത്തെക്കുറിച്ച് ഡിംപിള്‍ പറയുന്നതിങ്ങനെ

2020 സെപ്തംബര്‍ 7നാണ് ഞങ്ങള്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരാകുന്നത്. അന്നുമുതല്‍ ഭര്‍തൃമാതാവ് എന്നെ പീഡിപ്പിക്കുകയായിരുന്നു. അവര്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു. എന്നാല്‍ എന്‍റെ ഭര്‍ത്താവ് എനിക്ക് പിന്തുണ നല്‍കി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും അവര്‍ക്കൊപ്പം ചേര്‍ന്നു. തുടർന്ന് ഞങ്ങൾ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനുശേഷം ഭര്‍ത്താവിന്‍റെ അച്ഛന്‍ എന്‍റെ വീട്ടിൽ വന്നു, എല്ലാ നീരസവും ഉപേക്ഷിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നവംബര്‍ 22നാണ് കല്യാണം തീരുമാനിച്ചിരുന്നത്. എന്നാല്‍ എന്‍റെ ഭര്‍ത്താവ് കല്യാണത്തിന് വന്നില്ല.

സുമീത് ദിവസങ്ങളോളം തന്‍റെ മകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി ഡിംപിളിന്‍റെ മാതാവ് പറഞ്ഞു. എന്‍റെ മകൾ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഒരു ഉൽപ്പന്നമാണോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ ഇതിനോട് വരനും കുടുംബങ്ങളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇതേ ദമ്പതികളുമായി ബന്ധപ്പെട്ട് മഹിളാ പൊലീസ് സ്‌റ്റേഷനിൽ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു. എഫ്‌.ഐ.ആറിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം വരന്‍റെ വീട്ടുകാരിൽ നിന്ന് പൊലീസ് കൈക്കൂലി വാങ്ങിയെന്നും ഡിംപിളും അമ്മയും ആരോപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News