ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതൽ മുടക്ക്, വീണത് മുഖ്യമന്ത്രി നിതീഷിന്റെ സ്വപ്ന പദ്ധതി
3.16 കിലോമീറ്റര്‍ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്‌നപദ്ധതിയാണിത്
പട്‌ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന സുല്‍ത്താന്‍ഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം.
നിര്‍മ്മാണം തുടങ്ങി ഒമ്പത് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റര്‍ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. പാലത്തിന്റെ വിവിധ ഭാഗങ്ങൾ തുടർച്ചയായി തകർന്നത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയും പദ്ധതിയുടെ അലൈൻമെൻ്റിനെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
എസ്.കെ. സിംഗ്ല കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. അതേസമയം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ വിശദീകരണമൊന്നും വന്നിട്ടില്ല. പാലം തകരുന്നതിന്റെ ദൃശ്യം സമീപത്തുള്ളവർ പകർത്തിയത് പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഭഗല്‍പുര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ജിനേയും ഖഗരിയ ജില്ലയിലെ അഗുനി ഘട്ടിനേയും ബന്ധിപ്പിക്കുന്ന ഈ പാലം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്‌നപദ്ധതിയാണ്. പാലത്തിന്റെ ഒമ്പത്, പത്ത് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്നുവീണത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ഒരുമാസമായി നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നിർമ്മാണം തുടങ്ങി ഏകദേശം ഒമ്പത് വർഷമായിട്ടും, പാലം നിര്‍മ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്.