ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ; ബിജെപി എം.പി സഞ്ജയ്കുമാർ സിങ് ​ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ

യു.പി ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും ബ്രിജ് ഭൂഷണിന്റെ ഏറ്റവുമടുത്ത അനുയായിയുമാണ് സഞ്ജയ് സിങ്.

Update: 2023-12-21 10:48 GMT
Brij Bhushan loyalist Sanjay Singh is new WFI chief
AddThis Website Tools
Advertising

ന്യൂ‍ഡ‍ൽഹി: ​പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ് ​ഗുസ്തി ഫെ‍‍‍ഡറേഷന്റെ പുതിയ അധ്യക്ഷൻ. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എം.പിയായ സഞ്ജയ് സിങ് ബ്രിജ്ഭൂഷൺ അനുകൂല പാനൽ സ്ഥാനാർഥിയായിരുന്നു.

പീഡനപരാതികൾക്കു പിന്നാലെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് ഇയാളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കായികമന്ത്രാലയം തൽക്കാലത്തേക്ക് മരവിപ്പിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. അനിത ഷെറോണിനെയാണ് ഇയാൾ പരാജയപ്പെടുത്തിയത്.

യു.പി ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും ബ്രിജ് ഭൂഷണിന്റെ ഏറ്റവുമടുത്ത അനുയായിയുമാണ് സഞ്ജയ് സിങ്. ഏഴിനെതിരെ 40 വോട്ടുകൾ നേടിയാണ് വിജയം. ആറ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷൺ എതിരെ കേസ് എടുത്തത്. ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചിട്ടും കേസെടുക്കാതിരുന്ന ഡൽഹി പൊലീസ് സുപ്രിംകോടതി ഇടപെട്ടതോടെയാണ് കേസ് എടുത്തത്.

നേരത്തെ ആറു തവണ ബിജെപി എം.പിയായിരുന്നളാണ് ബ്രിജ് ഭൂഷൺ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പോക്സോ കേസ് ചുമത്തിയും ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ.

ബ്രിജ് ഭൂഷൺ ശരൺ സിങ് താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടതായും ശ്വാസ പരിശോധന എന്ന പേരിൽ വനിതാ താരങ്ങളുടെ നെഞ്ചിൽ കൈ വയ്‌ക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നുമടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.

‌ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പൊലീസ് റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ ബോധവാനായിരുന്നു. താജിക്കിസ്ഥാനില്‍ വച്ച് നടന്ന ഒരു പരിപാടിക്കിടെ പരാതിക്കാരില്‍ ഒരാളായ വനിതാ താരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍, ഒരു പിതാവിനെപ്പോലെയാണ് താന്‍ ഇത് ചെയ്തതെന്നാണ് ബ്രിജ് ഭൂഷണിന്റെ മറുപടി.

ഡല്‍ഹിയിലെ ഡബ്ല്യുഎഫ്‌ഐ ഓഫീസില്‍ വച്ച് ഉണ്ടായ മറ്റൊരു ലൈംഗികാരോപണത്തിലും മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് പറ‍ഞ്ഞിരുന്നു. ഡൽഹി, ബെല്ലാരി, ലഖ്നൗ എന്നിവിടങ്ങളിൽ വച്ചും അതിക്രമം ഉണ്ടായി. ആറ് താരങ്ങളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ലൈം​ഗി​കാ​തി​ക്ര​മ കേ​സിൽ ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ഡ​ൽ​ഹി പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News