കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം
ട്രാക്ടർ പ്രതിഷേധത്തെ തുടർന്ന് രൺദീപ് സുർജേവാലയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പാർലമെന്‍റ് വരെ ട്രാക്റ്റർ ഓടിച്ചാണ് രാഹുൽ പ്രതിഷേധം നടത്തിയത്. ട്രാക്ടർ പ്രതിഷേധത്തെ തുടർന്ന് രൺദീപ് സുർജേവാലയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
Take back farm laws. @RahulGandhi driving to Parliament with Congress MPs in a tractor as a mark of protest against BJP Govt's pro-corporate & anti-farmer's farm laws!#RahulGandhiWithFarmers pic.twitter.com/xiXMc5bk62
— Gaurav Pandhi (@GauravPandhi) July 26, 2021
കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും പ്രതീകാത്മകമായിട്ടാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ചത്. വിവാദമായ കാർഷിക നിയമങ്ങൾ ഒറ്റയടിക്ക് റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. കർഷകരുടെ ശബ്ദങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്, ചര്‍ച്ച നടത്താനും സമ്മതിക്കുന്നില്ല. അവർ ഈ കറുത്ത നിയമങ്ങൾ റദ്ദാക്കേണ്ടിവരും. രണ്ടോ മൂന്നോ വന്‍കിട ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. കാർഷിക നിയമങ്ങളിൽ നമ്മുടെ കൃഷിക്കാർ സന്തുഷ്ടരാണെന്നും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നും സർക്കാർ പറയുന്നു. എന്നാൽ വാസ്തവത്തിൽ, കർഷകരുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ എട്ട് മാസമായി പ്രതിഷേധിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്നത് വരെ ജന്തര്‍മന്ദിറില്‍ 200 പേരടങ്ങുന്ന കര്‍ഷക സംഘത്തിന്‍റെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.