ബി.എസ്.പിക്ക് മോദി സര്‍ക്കാരിനെ ഭയം; യു.പിയില്‍ ബദല്‍ തന്‍റെ പാര്‍ട്ടിയെന്ന് ചന്ദ്രശേഖര്‍ ആസാദ്

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മായാവതിയുടെ പാര്‍ട്ടി ഭയക്കുകയാണെന്നും മൃദു സമീപനം സ്വീകരിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചു.

Update: 2021-07-11 12:57 GMT
Advertising

മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് ബി.എസ്.പി പിന്നോട്ടുപോയി. തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മായാവതിയുടെ പാര്‍ട്ടി ഭയക്കുകയാണെന്നും മൃദു സമീപനം സ്വീകരിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നടപ്പിലാക്കുന്നത് ഏകാധിപത്യ ഭരണമാണ്. ഒരു മഹാസഖ്യത്തിലൂടെ മാത്രമേ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച തുടരുകയാണെന്നും ആസാദ് പറഞ്ഞു. 

ബി.ജെ.പി വിരുദ്ധ ചേരിയിലുള്ള ഏതു പാര്‍ട്ടിയുമായും സഹകരിക്കുന്നതിന് തടസ്സമില്ല. സംസ്ഥാനത്ത് സുതാര്യമായ ഭരണം നടപ്പിലാക്കുന്നതിന് സഖ്യകക്ഷി ഭരണം തന്നെയാണ് നല്ലത്. പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് അധികാരം കിട്ടുമ്പോഴാണ് ഏകാധിപത്യ സ്വഭാവം കൈവരുന്നതെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി. 

മായാവതിയോട് വ്യക്തിപരമായി എതിര്‍പ്പുകളില്ല. പാര്‍ട്ടിയുടെ നയങ്ങളോടാണ് വിയോജിപ്പ്. 2012ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബി.എസ്.പി വലിയ ശക്തിക്ഷയം നേരിടുന്നത് കാണാനാകുമെന്നും ആസാദ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും ബി.എസ്.പിയുടെ വോട്ട് വിഹിതം ഒരു ശതമാനത്തില്‍ താഴെയാകാന്‍ കാരണം അവരുടെ നേതാക്കള്‍ക്ക് താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യമില്ലായ്മയാണ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ജനങ്ങളുടെ അടുത്തു ചെന്നാല്‍ കാര്യം നടക്കില്ലെന്നും ആസാദ് പറഞ്ഞു. 

കോണ്‍ഗ്രസുമായും വ്യക്തിപരമായ പ്രശ്നങ്ങളില്ല. എന്നാല്‍ അനീതി കണ്ടാല്‍ പ്രതികരിക്കും. ബി.ജെ.പിയെ തടയണമെന്നാഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹോദര്യവും തുല്യതയുമാണ് തന്റെ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍. സംവരണ അവകാശങ്ങള്‍ ചൂഷണം ചെയ്ത് നിയമന അഴിമതിയാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ആസാദ് ആരോപിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബഹുജന്‍ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുകയാണ് ആസാദ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി.ജെ.പി നയം തടയണമെന്നും സമൂഹത്തെ ഒരുമിച്ച് നിര്‍ത്തണമെന്നുമാണ് യാത്രയിലെ ആഹ്വാനം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News