പൊരുതാതെ തോറ്റ മായാവതി; തകര്‍ന്നടിഞ്ഞ് ബി.എസ്.പി

മറ്റ് പാര്‍ട്ടികളുടെ ഓഫീസുകള്‍ ആളും ആരവവുമായി സജീവമായ ഘട്ടത്തില്‍പ്പോലും ബിഎസ്പി ഓഫീസുകള്‍ പൂര്‍ണമായി നിശബ്ദമായിരുന്നു

Update: 2022-03-10 11:55 GMT
Advertising

മായാവതിക്ക് എന്തുപറ്റിയെന്ന ചോദ്യം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പലതവണ ഉയര്‍ന്നു. ചതുഷ്കോണ മത്സരം പ്രവചിക്കപ്പെട്ട യു.പിയില്‍ തുടക്കം മുതലേ ബിഎസ്പി ചിത്രത്തില്‍ ഇല്ലായിരുന്നു. മറ്റ് പാര്‍ട്ടികളുടെ ഓഫീസുകള്‍ ആളും ആരവവും പത്രസമ്മേളനവും എല്ലാമായി സജീവമായ ഘട്ടത്തില്‍പ്പോലും ഉത്തര്‍പ്രദേശിലെ ബിഎസ്പി ഓഫീസുകള്‍ പൂര്‍ണമായി നിശബ്ദമായിരുന്നു. എന്നാല്‍ വമ്പന്‍ റാലികള്‍ക്കല്ല, താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്ന് എന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരേയൊരു സീറ്റില്‍ മാത്രമാണ് ബിഎസ്പി ലീഡ് ചെയ്യുന്നത്.


ദലിതര്‍ക്കായി നിങ്ങളെന്തു ചെയ്തെന്ന് ചോദിച്ച പെണ്‍കുട്ടി

ഒരിക്കൽ തന്‍റെ ഗ്രാമത്തിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവിനെ ഒരു പെണ്‍കുട്ടി ചോദ്യംചെയ്തു. ദലിതർക്കു വേണ്ടി നിങ്ങൾ എന്തുചെയ്തു എന്നായിരുന്നു ചോദ്യം. ആ പെണ്‍കുട്ടിയുടെ പേര് മായാവതി എന്നായിരുന്നു. ആ പെൺകുട്ടിയുടെ ചോദ്യംചെയ്യൽ വലിയ വാർത്തയായി. ഇതുകണ്ട കാൻഷി റാം മായാവതിയെ കാണാനെത്തി. തന്‍റെ അനുയായിയാവാന്‍ ക്ഷണിച്ചു. അന്ന് ഐഎഎസ് കോച്ചിങ് ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നു മായാവതി. 1984ൽ കാൻഷി റാം ബിഎസ്പി സ്ഥാപിച്ചു. ദലിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായി ആ പാര്‍ട്ടി മാറി. 1989ൽ ലോക്സഭയിലേക്കുള്ള മായാവതിയുടെ ജയം ചരിത്ര വിജയമായി മാറി. പുരുഷാധിപത്യവും ജാതിമേല്‍‌ക്കോയ്മയും നിറഞ്ഞുനിന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നാണ് മായാവതി ഒരു നേതാവായി ഉദിച്ചുയര്‍ന്നത്.


തോറ്റു തോറ്റു ജയിച്ച് മുഖ്യമന്ത്രിയായ മായാവതി

ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ 1984ല്‍ കൈരാനയിൽ നിന്നും 1985ലെ ഉപതെരഞ്ഞെടുപ്പിൽ ബിജ്നോറിൽ നിന്നും 1987ലെ ഉപതെരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്നും പാർലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും മായാവതി പരാജയപ്പെടുകയായിരുന്നു. 1989ലാണ് പാര്‍ലമെന്‍റിലേക്ക് ആദ്യമായി വിജയിച്ചത്. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്‍റെ മുഖ്യന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് 1995ലാണ്. 3 മാസം മാത്രമേ ആ സ്ഥാനത്ത് ഇരിക്കാനായുള്ളൂ. ബിജെപിയോട് ഒപ്പമായിരുന്നു ഭരണം. രണ്ടാം തവണ 1997ൽ 6 മാസത്തേക്ക് മുഖ്യമന്ത്രിയായി. ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതിരുന്ന 2002ലും ബിജെപിക്കൊപ്പം അധികാരത്തിലേറി. മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വര്‍ഷം തുടര്‍ന്നു. 2007ല്‍ അധികാരത്തിലേറിയ മായാവതി മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചു വര്‍ഷം തികച്ചു. 206 സീറ്റ് നേടിയാണ് മായാവതിയുടെ ബിഎസ്പി ഉത്തര്‍പ്രദേശ് ഭരിച്ചത്. എന്നാല്‍ 2012ൽ 80 സീറ്റിലേക്ക് ചുരുങ്ങി. 2017ലാകട്ടെ 19 സീറ്റായി വീണ്ടും ചുരുങ്ങി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതി മത്സരിച്ചില്ല. ഒന്നുപൊരുതുക പോലും ചെയ്യാതെ തോല്‍വി സമ്മതിച്ചു മായാവതിയുടെ ബിഎസ്പി.


തള്ളിപ്പറഞ്ഞ് കാൻഷിറാമിന്‍റെ കുടുംബവും

മായാവതി ദലിത് രാഷ്ട്രീയത്തിന്‍റെ അന്തസത്ത കൈവിട്ടെന്നും സ്വന്തം പ്രതിമകള്‍ നിര്‍മിക്കുന്നതിലും ആഡംബര ജീവിതത്തിലും മാത്രമായി ശ്രദ്ധയെന്നും ദലിത് രാഷ്ട്രീയം പിന്തുടരുന്നവര്‍ പോലും വിമര്‍ശനമുന്നയിച്ചു. ഒന്നിച്ചുനീങ്ങാമെന്ന നിര്‍ദേശം മായാവതി തള്ളിക്കളഞ്ഞെന്ന് സമകാലീന ദലിത് രാഷ്ട്രീയത്തിന്‍റെ മുഖങ്ങളിലൊന്നായ ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചു. കാൻഷിറാമിന്റെ കുടുംബം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് മായാവതിക്കെതിരെ രംഗത്തുവന്നിരുന്നു. മായാവതിയെ തോൽപിക്കുന്നവർക്കാണ് പിന്തുണയെന്നും കാൻഷിറാമിന്റെ കുടുംബം വ്യക്തമാക്കി.

'കള്ളക്കേസ് വരും- പേടിക്കരുത്'

ഇത്തവണ മായാവതി എന്തുകൊണ്ട് നിശബ്ദയായി എന്നത് സംബന്ധിച്ച് പല വ്യാഖ്യാനങ്ങളും ഉയര്‍ന്നു. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളാണ് അവരെ നിശബ്ദയാക്കിയതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. ഒതു തെരഞ്ഞെടുപ്പ് റാലിയില്‍ അവരിങ്ങനെ പറഞ്ഞു- "തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് തനിക്കും ബിഎസ്പി നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാനുള്ള സാധ്യതയുണ്ട്. അതു കണ്ടു പരിഭ്രാന്തരാകരുത്. നേരത്തെ ബൂത്തിലെത്തി വോട്ടു ചെയ്യണം. ജയിക്കാൻ ബിജെപിയും സമാജ്‌വാദി പാർട്ടിയും എന്തു കളിയും കളിക്കും". കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് വോട്ട് പാഴാക്കുന്നതിന് തുല്യമാണെന്ന് ആഞ്ഞടിച്ച മായാവതി തെരഞ്ഞെടുപ്പ് റാലികളിലൊന്നും ബിജെപിയെ അത്രയ്ക്കൊന്നും കടന്നാക്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്.


പരസ്പരം പുകഴ്ത്തി അമിത് ഷായും മായാവതിയും

അമിത് ഷായും മായാവതിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം പുകഴ്ത്തുന്ന സാഹചര്യവുമുണ്ടായി. ബിഎസ്പിയെ എഴുതിത്തള്ളാനാവില്ലെന്നും അവരുടെ പ്രചാരണം മികച്ചതാണെന്നുമാണ് പ്രചാരണത്തിനിടെ അമിത് ഷാ പറഞ്ഞത്. അദ്ദേഹത്തിന്‍റെ മഹാമനസ്കത കൊണ്ടാണ് സത്യം അംഗീകരിച്ചത് എന്നായിരുന്നു മായാവതിയുടെ മറുപടി. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ബിഎസ്പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് ഭരണത്തിലേറും എന്നുവരെ വ്യാഖ്യാനങ്ങളുണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിക്ക് ഭരിക്കാന്‍ ആരുടെയും സഹായം വേണ്ട. തനിച്ചുതന്നെ ഭൂരിപക്ഷം സ്വന്തമാക്കി യോഗി ആദിത്യനാഥ് ഭരണത്തുടര്‍ച്ച നേടിക്കഴിഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - സിതാര ശ്രീലയം

contributor

Similar News