ഉത്തര്‍പ്രദേശില്‍ തനിച്ചു മത്സരിക്കും, സര്‍ക്കാരുണ്ടാക്കും: ബിഎസ്പി
അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്പി നിഷേധിച്ചിരുന്നു
അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഇതിനകം തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തനിച്ച് മത്സരിച്ച് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം നേരത്തെ ബിഎസ്പി നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബിഎസ്പി മത്സരിക്കുക. 2017നെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 19 സീറ്റില്‍ മാത്രമാണ് ബിഎസ്പിക്ക് വിജയിക്കാനായത്.
ചെറുകക്ഷികളെ കൂടെക്കൂട്ടാന്‍ എസ്പി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുകക്ഷികളെ ചേർത്ത് സഖ്യം രൂപീകരിക്കാൻ സമാജ്‌വാദി പാർട്ടി തീരുമാനിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയോടാണോ എസ്പിയോടാണോ പോരാട്ടമെന്ന് കോൺഗ്രസും ബിഎസ്പിയും തീരുമാനിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളെക്കുറിച്ച് അഖിലേഷ് മനസുതുറന്നത്. എല്ലാ ചെറുകക്ഷികൾക്കും മുന്നിൽ എസ്പി വാതിൽ തുറന്നിട്ടിരിക്കുകയാണ്. നിരവധി ചെറുകക്ഷികൾ ഇപ്പോൾ തന്നെ ഞങ്ങളുടെ കൂടെയുണ്ട്. കൂടുതൽ കക്ഷികൾ ഇനിയും കൂടെച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ മുഴുവൻ കക്ഷികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായും ഓം പ്രകാശ് രാജ്ബറിന്‍റെ എസ്ബിഎസ്പിയുമായും ഇതുവരെ സഖ്യചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.