'കെട്ടിടം പൊളിച്ചത് അനധികൃതം': ജാവേദ് മുഹമ്മദ് അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകി

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഇന്നലെ മുഹമ്മദ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2022-06-12 13:44 GMT
Editor : afsal137 | By : Web Desk
Advertising

ലഖ്‌നൗ: പ്രയാഗ്‌രാജിലെ വീട് പൊളിച്ച് നീക്കിയത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ അഭിഭാഷകൻ അലഹബാദ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. പ്രയാഗ് രാജ് ഡവലപ്‌മെൻറ് അതോറിറ്റിയാണ് ജാവേദിന്റെ വീട് പൊളിച്ചു നീക്കിയത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഇന്നലെ മുഹമ്മദ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട് പൊളിച്ചുനീക്കുമെന്ന് അറിയിച്ച് പ്രാദേശിക ഭരണകൂടം നേരത്തേ നോട്ടീസ് നൽകിയതാണ്. വൻ പൊലീസ് സംഘം ജാവേദിന്റെ വീട് വളഞ്ഞിരുന്നു. പ്രദേശത്തെ മുഴുവൻ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിർബന്ധപൂർവം ഒഴിപ്പിച്ചു. പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ് രാജിൽ നിന്നും ഇതുവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പൊലീസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച് മകൾ അഫ്രീൻ ഫാത്തിമ ദേശീയ വനിത കമീഷന് പരാതി നൽകിയിരുന്നു. അറിയിപ്പോ വാറന്റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു എന്ന് അഫ്രീൻ ദേശീയ വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.

''അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എൻറെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്റോ കൂടാതെയാണ് പൊലീസ് എന്റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല''. അഫ്രീൻ പരാതിയിൽ വിവരിക്കുന്നു.

ജാവേദും മകൾ അഫ്രീനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് യു.പി പൊലീസ് ആരോപിച്ചു. ജെ.എൻ.യുവിൽ പഠിക്കുന്ന അഫ്രീൻ കുപ്രസിദ്ധയാണെന്ന് പ്രയാഗ് രാജ് എസ്.എസ്.പി പരിഹസിച്ചു. അലിഗഢ് യൂണിവേഴ്‌സിറ്റി യൂനിയൻ മുൻ പ്രസിഡന്റും നിലവിലെ ജെ.എൻ.യു യൂനിയൻ കൗൺസിലറുമാണ് അഫ്രീൻ ഫാത്തിമ. നിലവിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീൻ. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ മുന്നൂറിലധികം പേരെയാണ് യു.പിയിൽ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുൻ കേരള ഡിജിപി എൻ.സി അസ്താന ഈ ദൃശ്യങ്ങൾ മനോഹരമെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News