മണിപ്പൂരിൽ സംഘർഷം രൂക്ഷം; മന്ത്രിമാരുടെയും എംഎൽഎമാരുടേയും വീടുകൾക്ക് നേരെ ആക്രമണം
ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ, മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു. കുക്കികൾ തട്ടിക്കൊണ്ടുപോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. മന്ത്രിമാരുടെ വീടുകൾ അടക്കം പ്രതിഷേധകാർ ആക്രമിച്ചു.
കൊല്ലപ്പെട്ട മെയ്തെയ് വിഭാഗക്കാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്നലെ ഇംഫാലിൽ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.
വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്തെയ് എംഎൽഎമാർ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരിൽ കലാപം വീണ്ടും പടരവേ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകി.