എയർ ഇന്ത്യയിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം; മുൻകൂട്ടി ബുക്ക് ചെയ്യണം

മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ എംഒഎൽ സ്റ്റിക്കർ പതിക്കും.

Update: 2024-11-17 06:12 GMT
Advertising

ന്യൂഡൽഹി: വിമാനങ്ങളിൽ ഹലാൽ ഭക്ഷണങ്ങൾ ഇനി മുസ്‌ലിം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂയെന്ന് എയർ ഇന്ത്യ. ഇത് മുൻകൂട്ടി ബുക്ക് ചെയ്യണം. നേരത്തെ ഓർഡർ ചെയ്ത ഭക്ഷണങ്ങളിൽ മുസ്‌ലിം മീൽ എന്ന് അടയാളപ്പെടുത്തും. ഇത് സ്‌പെഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുത്തും. മുസ്‌ലിം മീൽ വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകൂവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

കമ്പനിയുടെ തീരുമാനം ഈ മാസം ആദ്യത്തിൽ സർക്കുലർ വഴി എല്ലാ ഓഹരി ഉടമകളെയും അറിയിച്ചിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ എംഒഎൽ സ്റ്റിക്കർ പതിക്കും. ഇതിന് മാത്രമായിരിക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകുക. വിസ്താരയുമായി ലയിച്ചതിന് ശേഷം ഭക്ഷണവിതരണം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.

അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News