യുദ്ധക്കളമായി മണിപ്പൂർ; തെരഞ്ഞെടുപ്പ്​ പ്രചാരണം റദ്ദാക്കി അമിത് ഷാ

19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന്​ റിപ്പോർട്ട്​

Update: 2024-11-17 07:12 GMT
Advertising

ന്യൂഡൽഹി: മണിപ്പൂർ യുദ്ധക്കളമായി മാറിയതോടെ മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്​ഥാനത്തെ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. അമിത് ഷാ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്​. സിആർപിഎഫ്​ ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്​ മണിപ്പൂരിലെത്തും.

സംഘർഷം രൂക്ഷമായതോടെ സമാധാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോദി സംസ്​ഥാനം സന്ദർശിക്കുകയും മേഖലയിൽ സമാധാനം പുനഃസ്​ഥാപിക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമാസക്​തമായ ഏറ്റുമുട്ടലുകളും തുടരുന്ന രക്​തച്ചൊരിച്ചിലുകളും അഗാധമായ അസ്വസ്​ഥത സൃഷ്​ടിക്കുന്നു. ഒരു വർഷത്തിലേറെയായുള്ള വിഭജനത്തിനും കഷ്​ടപ്പാടുകൾക്കും ശേഷം, കേന്ദ്ര-സംസ്​ഥാന സർക്കാരുകൾ അനുരഞ്​ജന ശ്രമങ്ങൾ നടത്തി പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുമെന്നാണ്​ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നത്​.

മണിപ്പൂരിൽ സന്ദർശിക്കാനും മേഖലയിൽ സമാധാനവും സൗഖ്യവും പുനഃസ്​ഥാപിക്കാനായി പ്രവർത്തിക്കാനും ഞാൻ പ്രധാനമന്ത്രിയോട്​ ഒരിക്കൽ കൂടി പ്രധാനമന്ത്രിയോട്​ അഭ്യർഥിക്കുന്നു’ -രാഹുൽ ഗാന്ധി ‘എക്​സി’ൽ കുറിച്ചു.

മണിപ്പൂരിലെ സ്​ഥിതിഗതികൾ ശനിയാഴ്​ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്​. ജിരിബാമിൽനിന്ന്​ തട്ടിക്കൊണ്ടുപോയ ആറ്​ മെയ്​തെയ്​ വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ്​ സംഘർഷം രൂക്ഷമായത്​. പ്രതിഷേധക്കാർ രാഷ്​ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്​റ്റ്​ ഇംഫാലിൽ അനിശ്ചിത കാലത്തേക്ക്​ കർഫ്യൂ ഏർപ്പെടുത്തി​​.

ശനിയാഴ്​ച പകൽ നിരവധി ​ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ മരുമകൻ രാജ്​കുമാർ ഇമോ സിങ്​, സംസ്​ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്​, സപം കുഞ്ചകേശ്വർ, ജോയ്​ കിസാൻ സിങ്​, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​.

ശനിയാഴ്​ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ ഇംഫാൽ ഹെയ്​ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക്​ നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക്​ നേരെ പൊലീസ് വെടിയുതിർക്കുകയും​ ടിയർ ഗ്യാസ് പ്രയോഗിക്കുകയും​ ചെയ്​തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ​ കത്തിച്ചിട്ടത്​. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ്​ ജില്ലകളിൽ ഇൻറർനെറ്റ്​ സേവനം വിച്​ഛേദിച്ചിട്ടുണ്ട്​.

പ്രതിഷേധം അക്രമാസക്​തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്​ച രാജിവെക്കുമെന്നാണ്​ വിവരം. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News