ഡൽഹിയിൽ വീണ്ടും ബുൾഡോസർ രാജ്: തകർത്തത് 250 വീടുകള്‍

നോട്ടീസ് പോലും നൽകാതെയാണ് കേന്ദ്ര വികസന അതോറിറ്റിയുടെ നടപടി

Update: 2024-07-15 14:44 GMT
Advertising

ഡൽഹി: രാജ്യസ്ഥലത്താനത്ത് വീണ്ടും ബുൾഡോസർ രാജ്. അനധികൃത കൈയേറ്റം ആരോപിച്ച് ഡൽഹി സിവിൽ ലൈനിലെ ഖൈബർ പാസിലെ കുടുംബങ്ങളെ ഒഴിപ്പിച്ച് സർക്കാർ. 250 കുടുംബങ്ങളെയാണ് ഡൽഹി വികസന അതോറിറ്റി ഒഴിപ്പിച്ചത്. ഈ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലം കേന്ദ്ര വികസന അതോറിറ്റിയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

വീടുകൾ ഒഴിയാൻ നോട്ടീസ് പോലും നൽകാതെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. ഡൽഹി ലെഫ്. ഗവർണർ ഉൾപ്പടെയുള്ള ഉയർന്ന അധികൃതരുടെ അറിവോടെയാണ് ഈ ക്രൂര നടപടിയെന്ന് ഖൈബർ പാസ് നിവാസികൾ ആരോപിച്ചു. മോദി സർക്കാറിന്റെ അറിവോടെയാണ് വീടുകൾ പൊളിച്ച് നീക്കിയതെന്നും അവർ പറഞ്ഞു.

കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ നിരവധി ആളുകളാണ് ഖൈബർ പാസിലുണ്ടായിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടികളടക്കമുള്ളവരെയുംകൊണ്ട് എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ഇവർ.

രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി തെളിയിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിൽ 7.38 ലക്ഷം പേർ ഭവനരഹിതരായെന്നും തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്നുെ ഫ്രണ്ട്ലൈൻ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

2022-23 വർഷത്തെ ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്സ് നെറ്റ്വർക്കിന്റെ (എച്ച്എൽആർഎൻ) കണക്കുകൾ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായി. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒഴിപ്പിക്കൽ വർഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.

ചേരി ഒഴിപ്പിക്കൽ, അനധികൃത നിർമാണം തകർക്കൽ, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുടിയൊഴിപ്പിക്കലിനായി സർക്കാറുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ൽ ഇത്തരത്തിൽ നിർബന്ധിത ഒഴിപ്പിക്കൽ നടന്ന പ്രധാന പ്രദേശങ്ങൾ ഇവയാണ്- മധ്യപ്രദേശിലെ ജിറാപൂർ ഗ്രാമം, ഉത്തർപ്രദേശിലെ പ്രയാഗ്രാജും സഹാറൻപൂരും, ഹരിയാനയിലെ നൂഹ്, ഡൽഹിയിലെ ജഹാൻഗിർപുരി. ഇവിടങ്ങളിലെ നിയമവിരുദ്ധ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുടെ കിടപ്പാടമാണ് ഈ പ്രദേശങ്ങളിൽ തകർത്തതെന്ന് റിപ്പോർട്ട് എടുത്തു പറയുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News