'നാഷണൽ ഹീറോ' വകീൽ ഹസന് നേരെയുള്ള ബുൾഡോസർ രാജ് ; മുസ്‌ലിം ലീഗ് സംഘം സ്ഥലം സന്ദർശിച്ചു

മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി

Update: 2024-03-05 14:03 GMT

യൂത്ത്‌ ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ. ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ഡൽഹി യൂത്ത്‌ ലീഗ് പ്രസിഡന്റ് ശഹസാദ് അബ്ബാസി എന്നിവർ വകീൽ ഹസനൊപ്പം വീട് തകർക്കപ്പെട്ട സ്ഥലത്ത്

Advertising

ന്യൂഡൽഹി: 41 പേരുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകി രാജ്യത്തിന്റെ ഹീറോയായി വിശേഷിക്കപ്പെട്ട വകീൽ ഹസന്റെ വീട് ബുൾഡോസർ വെച്ച് നിരപ്പാക്കിയത് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു. ഡൽഹി ഖജൂരി ഖാസിലെ തെരുവിൽ കുടുംബത്തോടൊപ്പം കഴിയുന്ന വകീൽ ഹസനുമായി സംഘം സംസാരിച്ചു.

യൂത്ത്‌ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ. ഷാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ഡൽഹി സംസ്ഥാന യൂത്ത്‌ ലീഗ് പ്രസിഡന്റ് ശഹസാദ് അബ്ബാസി എന്നിവരുടെ നേതൃത്വത്തിലാണ് വകീൽ ഹസന്റെ വീട്ടിലെത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് വരെ 'നാഷണൽ ഹീറോ' എന്നാണ് ഡൽഹി ഖജൂരി ഖാസ് സ്വദേശി വക്കീൽ ഹസനെ മാധ്യമങ്ങൾ വിളിച്ചത്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്ക ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാൻ നേതൃത്വം നൽകിയ റാറ്റ് മൈനേഴ്സിന്റെ സംഘത്തിലെ പ്രധാന അംഗമായിരുന്ന വക്കീൽ ഹസന്റെ വീട് ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയാണ് ബുൾഡോസർ കൊണ്ടുവന്ന് തകർത്തത്. രാജ്യത്തിന്റെ തന്നെ മനഃസാക്ഷിയെ വിറപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ യൂത്ത്‌ ലീഗ് നേതാക്കൾ ചോദിച്ചറിഞ്ഞു.

വകീൽ ഹസന്റെ മകൻ 19 വയസ്സുകാരനായ അർസ്, 15 വയസ്സുകാരി അലീസ എന്നിവർ മാത്രമുള്ളപ്പോഴാണ് രാവിലെ 9.30ന് ഡി.ഡി.എ അധികൃതർ വീട്ടിലെത്തിയത്. ഭാര്യയോടൊപ്പം വക്കീൽ ഹസൻ പുറത്തായിരുന്നു. മക്കൾ ഫോണിൽ വിവരമറിയിച്ചപ്പോൾ വാതിലടച്ച് സമാധാനമായിരിക്കൂ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വാതിൽ തകർത്ത് ഉദ്യഗസ്ഥർ അകത്ത് കയറി. കൂടെയുണ്ടായിരുന്ന ഡൽഹി പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 12 മണിയോടെ വകീൽ സ്ഥലത്തെത്തുമ്പഴേക്കും വീട് പൂർണമായും തകർത്തിരുന്നു.

രാജ്യത്തിനു വേണ്ടി വലിയ ഒരു ദൗത്യം നിർവഹിച്ചതിന്റെ അഭിമാനം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ആളാണ് താനെന്നും അതിന് ലഭിച്ച പ്രതിഫലം കാണൂ എന്നും വകീൽ ഹസൻ വേദനയോടെ പറഞ്ഞു. 41 പേരെയാണ് അന്ന് ഞങ്ങൾ രക്ഷിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം വന്ന വിദഗ്ധർ സർവ്വ സന്നാഹങ്ങളും അത്യാധുനിക യന്ത്രസാമഗ്രികളുമായി നടത്തിവന്ന രക്ഷാപ്രവർത്തനം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നുണ്ടായിരുന്നില്ല. ഡിസംബർ 25 വരെയെങ്കിലും രക്ഷാപ്രവർത്തനം തുടരേണ്ടി വരും എന്നുറപ്പിച്ചപ്പോഴാണ് ഡിസംബർ 17ന് ഞങ്ങൾ അവിടെയെത്തിയത്.

36 മണിക്കൂറിനുള്ളിൽ 41 പേരെയും പുറത്തെത്തിച്ചു. അത്രയും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കാരണമായതിന്റെ അഭിമാനം ഇപ്പോഴുമുണ്ട്. ലോകം മുഴുവൻ ഞങ്ങളെ അംഗീകരിച്ചു, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു. ഒരു പ്രതിഫലവും ആഗ്രഹിച്ചില്ല. പക്ഷേ ഇങ്ങനെയൊരു ഗതി വരും എന്ന് പ്രതീക്ഷിച്ചില്ല. ക്രൂരമായ അനുഭവമാണിത്.

ഒറ്റ മണിക്കൂർ കൊണ്ടാണ് തന്നെയും ഭാര്യയെയും മൂന്ന് മക്കളെയും അവർ തെരുവിലേക്കെറിഞ്ഞത്. തകർന്ന കോൺക്രീറ്റ് കൂമ്പാരങ്ങൾക്ക് നടുവിൽ നിന്ന് നേതാക്കൾക്ക് മുന്നിൽ വകീൽ ഹസൻ വിതുമ്പി. പത്താം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുന്ന മകൾ അലീസയുടെ പുസ്തകങ്ങൾ പോലും എടുക്കാൻ സമ്മതിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര ചെറിയ പ്രായത്തിൽ അലീസ പ്രദേശത്തെ ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ട്യൂഷൻ എടുത്തിരുന്നുവെന്ന് പ്രദേശവാസികൾ മുസ്‌ലിം ലീഗ് സംഘത്തോട് പറഞ്ഞു. തകർന്ന വീടിനു മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് വകീലിന്റെ കുടുംബം ഇപ്പോൾ കഴിയുന്നത്.

നവീന സാങ്കേതിക വിദ്യകൾ പരാജയപ്പെട്ടിടത്ത് 41 മനുഷ്യ ജീവനുകൾ രക്ഷിച്ച ഇവരുടെ വൈദഗ്ധ്യം അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഒരുപാട് അവാർഡുകൾ ഇവരെ തേടിയെത്തി. അത്ര വലിയ സൽക്കർമ്മത്തിന് ഇങ്ങനെയൊരു ക്രൂരമായ പ്രതിഫലം അധികൃതർ നൽകുമെന്ന് കരുതിയില്ല. ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ നോട്ടീസോ നൽകിയിരുന്നില്ല. കാരണം വ്യക്തമല്ലെന്നും വകീൽ ഹസൻ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ വകീൽ ഹസനുമായി ഫോണിൽ സംസാരിച്ചു. മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി. ഡൽഹി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വസീം അക്രം, ഭാരവാഹികളായ അഖിൽ ഖാൻ, മാസ്റ്റർ യൂസുഫ്, സർഫറാസ് ഹസ്മി, യൂനുസ് അലി എന്നിവരും മുസ്‌ലിം ലീഗ് പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News