വെടിവെച്ചത് ആശിഷ് മിശ്രയുടെ തോക്കില്‍ നിന്നെന്ന് ഫോറന്‍സിക് റിപ്പോർട്ട്; ലഖിംപൂര്‍ കേസില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവ്
ഫോറന്‍സിക് റിപ്പോര്‍ട്ട് എവിടെ എന്ന കോടതിയുടെ ചോദ്യത്തിന് യു.പി സര്‍ക്കാരിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല
കർഷകർ കൊല്ലപ്പെടുമ്പോൾ ലഖിംപൂരിലുണ്ടായിരുന്നില്ലെന്ന പ്രതി ആശിഷ് മിശ്രയുടെ വാദം പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കുകളാണ് പരിശോധനയ്ക്ക് അയച്ചത്.
മൂന്ന് തോക്കുകളാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത്. കേസില്‍ സുപ്രീംകോടതി യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് എവിടെ എന്ന ചോദ്യത്തിന് യു.പി സര്‍ക്കാരിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്.
സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ല എന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാദം. കര്‍ഷകര്‍ക്ക് വെടിയേറ്റിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ വെടിയേറ്റിട്ടുണ്ടെന്നും വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും കര്‍ഷകരുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.