ബുള്ളി ബായ് ആപ്പ് കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

'ബുള്ളിബായ്' എന്ന ട്വിറ്റർ ഹാൻഡിൽ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു

Update: 2022-01-07 14:57 GMT
Editor : afsal137 | By : Web Desk
Advertising

ബുള്ളി ബായ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ശ്വേത സിംഗ്, മായങ്ക് റാവത്ത് എന്നിവരെയാണ് ബാന്ദ്ര കോടതി കസ്റ്റഡിയിൽ വിട്ടത്.

'ബുള്ളി ബായ്' ആപ്പ് വഴി മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവതിയെ മുംബൈ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തരാഖണ്ഡിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ 21കാരൻ വിശാൽ കുമാറും യുവതിയും പരസ്പരം അറിയുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി മൂന്നു അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നടത്തിയത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖൽസാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബർ 31ന് മറ്റു അക്കൗണ്ടുകളും ഇയാൾ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖൽസ പേരുകളിലേക്ക് മാറ്റി.

'ബുള്ളിബായ്' എന്ന ട്വിറ്റർ ഹാൻഡിൽ വഴിയും ആപ്പിന്റെ പ്രചാരണം നടത്തിയിരുന്നു. ഖാലിസ്ഥാനി ചിത്രമാണുണ്ടായിരുന്നത്. എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാറിനെ ബംഗളൂരുവിൽ നിന്നാണ് മുംബൈ പൊലീസ് പിടികൂടിയിരുന്നത്. ഇയാളെ ബാന്ദ്ര കോടതി ജനുവരി പത്തു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്.

മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ ക്യാമ്പെയിൻ തുടങ്ങിയത്. സുള്ളി ഡീൽസ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News