ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു; ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി, കണ്ടക്ടറുടെ ഇടപെടലിലൂടെ ഒഴിവായത് വൻദുരന്തം
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മുരിഗപ്പ അത്താനിയാണ് മരിച്ചത്.
ബെംഗളുരു: കർണാടകയിൽ ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. കർണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. കെ.എസ്.ആർ.ടി.സി (കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) ഡ്രൈവർ മുരിഗപ്പ അത്താനിയാണ് മരിച്ചത്.
കൽബുർഗിയിൽ നിന്ന് വിജയപുരയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. കണ്ടക്ടർ ശരണു തകാലി സമയോചിതമായി ഇടപെട്ട് ബസ് നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ യാത്രക്കാരില്ലാതിരുന്നത് അത്യാഹിതം ഒഴിവാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് ഹെഡ് ലൈറ്റിൻ്റെ തകരാറുമൂലം യാത്രക്കാരെ ഇറക്കി വിട്ടിരുന്നു. തുടർന്ന് സിന്ദഗി ഡിപ്പോയിലേക്ക് പോകുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് പ്രെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത്. ഇത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. അഫ്സൽപൂർ ഡിപ്പോയിൽ നിന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.