സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമെന്ന് കോടതി; ശിക്ഷ പൂവാലന്മാര്‍ക്ക് പാഠമാകണം; യുവാവിന് ഒന്നര വര്‍ഷം തടവ്

ഐ.പി.സി 354, പോക്സോ നിയമത്തിലെ 12 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

Update: 2022-10-25 16:03 GMT
Advertising

മുംബൈ: സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, 25കാരന് കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. 16കാരിയെ അധിക്ഷേപിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഐ.പി.സി 354, പോക്സോ നിയമത്തിലെ 12 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

ശിക്ഷ പൂവാലന്മാര്‍ക്കൊരു പാഠമാവണം എന്നും കോടതി വ്യക്തമാക്കി. സ്ത്രീകളെ 'ഐറ്റം' എന്ന് വിളിക്കുന്നത് ഐ.പി.സി 354 വകുപ്പ് പ്രകാരം സ്ത്രീകളുടെ അന്തസിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. സ്‌പെഷ്യല്‍ ജഡ്ജി ജസ്റ്റിസ് എസ്.ജെ അന്‍സാരിയാണ് സുപ്രധാന നിരീക്ഷണത്തിലൂടെ പ്രതിക്ക് ജയില്‍ ശിക്ഷ വിധിച്ചത്. 'സ്ത്രീകളെ അപമാനിക്കാന്‍ സാധാരണയായി ആണുങ്ങള്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഐറ്റം' എന്നത്. ലൈംഗികാധിക്ഷേപം എന്ന നിലയ്ക്കാണ് അങ്ങനെ വിളിക്കുന്നത്. ഇതിലൂടെ അവളുടെ സ്ത്രീത്വത്തെ മനഃപൂര്‍വം അപമാനിക്കുക എന്നതാണ് അയാളുടെ ഉദ്ദേശമെന്നും വ്യക്തമാണ്'- ജഡ്ജി പറഞ്ഞു.

പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, 'സ്ത്രീകളെ ഇത്തരക്കാരുടെ മോശം പെരുമാറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന്, പൂവാലന്മാരെ ഒരു പാഠം പഠിപ്പിക്കേണ്ടതിനാല്‍, അത്തരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. കുറ്റാരോപിതന് പ്രൊബേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിനോ അല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കുന്നതിനോ ഉള്ള ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല' എന്നും വ്യക്തമാക്കി.

2015ല്‍ നടന്ന കേസിനാസ്പദമായ സംഭവത്തിന് ഒരു മാസം മുമ്പാണ് 16കാരിയായ പെണ്‍കുട്ടിയും കുടുംബവും മുംബൈയിലെ സാകിനാകയില്‍ താമസിക്കാനെത്തിയത്. പ്രതിയും സുഹൃത്തുക്കളും തന്നെ പതിവായി അധിക്ഷേപിക്കുന്നതായി കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. വഴിയരികില്‍ ഇരുന്ന് എപ്പോഴും 'ഐറ്റം' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന പ്രതി, 2015 ജൂലൈ 14ന് താന്‍ സ്‌കൂളില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ തടഞ്ഞുനിര്‍ത്തുകയും മുടിയില്‍ പിടിച്ചുവലിച്ച് 'എന്തൊരു ഐറ്റമാണ്... എങ്ങോട്ടു പോവുന്നു' എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിടിവിടാന്‍ പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും പൊലീസ് ഹെല്‍പ് ലൈന്‍ നമ്പരായ '100' ല്‍ വിളിച്ച് പരാതിപ്പെടാന്‍ പറയുകയും ചെയ്‌തെന്നുമാണ് പരാതി.

തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ വിളിച്ചുവരുത്തിയതോടെ പ്രതി ഇവിടെ നിന്നും ഓടിരക്ഷപെട്ടു. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ നാല് സാക്ഷികളെ വിസ്തരിച്ചു. എന്നാല്‍ യുവാവിനെതിരെയുള്ള കള്ളക്കേസാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. യുവാവും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലാണെന്നും ഈ ബന്ധത്തില്‍ താല്‍പര്യമില്ലാതിരുന്ന മാതാപിതാക്കള്‍ അയാള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നും ഇയാള്‍ വാദിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി കേട്ട കോടതി, പ്രതിഭാഗത്തിന്റെ വാദം തള്ളി. ഇരയായ പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ യാതൊരു പരിചയവുമില്ല. പ്രതിയുടെ പ്രവൃത്തി തികച്ചും അനുചിതമാണ്. ലൈംഗികാധിക്ഷേപം മാത്രമല്ല, അയാള്‍ അവള്‍ക്കു മേല്‍ കുറ്റകരമായ ബലപ്രയോഗം നടത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മുടിയില്‍ പ്രതി മനഃപൂര്‍വ്വം പിടിച്ച് വലിച്ചതും അവളെ 'ഐറ്റം' എന്ന് വിളിച്ചതും സ്ത്രീത്വത്തിനെതിരായ അതിക്രമമാണ്- ജഡ്ജി നിരീക്ഷിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News