നാല് ദശലക്ഷം പേരുടെ ജീവൻ രക്ഷിച്ചവരെ കൊലപാതകികളായി മുദ്ര കുത്തുന്നു; മാനനഷ്ടക്കേസില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്

Update: 2023-01-14 06:47 GMT
Editor : Jaisy Thomas | By : Web Desk

അഡാര്‍ പൂനെവാല

Advertising

മുംബൈ: കോവിഷീൽഡ് വാക്‌സിനുകൾ ഉപയോഗിച്ച് നാല് ദശലക്ഷം ജീവൻ രക്ഷിച്ചതായി കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബോംബെ ഹൈക്കോടതിയില്‍. എസ്.ഐ.ഐ നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ആർ ഐ ചഗ്ല അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. 

കോവിഷീൽഡ് വാക്‌സിനുമായി ബന്ധപ്പെട്ട് എവേക്കണ്‍ ഇന്ത്യ മൂവ്മെന്‍റ് സ്ഥാപകന്‍ യോഹാൻ ടെംഗ്രയും സ്റ്റിയറിംഗ് കമ്മിറ്റി അംഗം അംബർ കോയിരിയും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനെവാലയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും ലേഖനങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന് കാണിച്ചാണ് കമ്പനി ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇരുവരും നിരുപാധികം മാപ്പു പറയണമെന്നും 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. യുട്യൂബ്, ട്വിറ്റര്‍ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അപകീർത്തികരമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനും ഭാവിയിൽ അത്തരം ഉള്ളടക്കങ്ങളൊന്നും കമ്പനിക്കെതിരെ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കമ്പനി ആവശ്യപ്പെടുകയും ചെയ്തു.

മുതിർന്ന അഭിഭാഷകൻ ആസ്പി ചിനോയ് ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഹാജരായത്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ആളെ കൂട്ടക്കൊലപാതകി ആയി മുദ്ര കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2022 നവംബർ വരെ ഏകദേശം 219.86 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിനേഷൻ പ്രോഗ്രാമിൽ കോവിഷീൽഡ് വാക്‌സിൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. യോഹാൻ ടെൻഗ്രയും അംബാർ കോയിരിയും നടത്തുന്ന അപകീർത്തികരമായ പരാമര്‍ശങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News