'നെഹ്‌റുവിനെക്കുറിച്ച് പറയാം, നോട്ട്‌ നിരോധനത്തെക്കുറിച്ച് മിണ്ടാൻ പാടില്ലേ?': സ്പീക്കറോട് അഭിഷേക് ബാനർജി

നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞപ്പോൾ കഴിഞ്ഞുപോയ വിഷയങ്ങളല്ല ബജറ്റിനെക്കുറിച്ച് സംസാരിക്കാനായിരുന്നു ടി.എം.സി അംഗത്തോട് സ്പീക്കർ ആവശ്യപ്പെട്ടത്

Update: 2024-07-24 18:54 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ''നെഹ്‌റുവിനെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചുമൊക്കെ പറയാം, നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ലേ?''- കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിൽ ലോക്‌സഭയിൽ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അഭിഷേക് ബാനർജി സ്പീക്കർ ഓം ബിർളയോട് ചോദിച്ചതാണിത്.

തന്റെ പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടപ്പോഴായിരുന്നു അഭിഷേകിന്റെ മുനവെച്ചുള്ള ഈ കമന്റ്.  നോട്ട് നിരോധനവും റദ്ദാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങളുമൊക്കെ അഭിഷേക് ബാനർജിയുടെ പ്രസംഗത്തില്‍ കടന്നുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ച് പറയാതെ ബജറ്റിനെക്കുറിച്ച് സംസാരിക്കാന്‍ സ്പീക്കര്‍ ആശ്യപ്പെടുകയായിരുന്നു. ഇതിനാണ് അഭിഷേക് മറുപടി കൊടുത്തത്. 

''60 വർഷം മുമ്പുള്ളതോ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെക്കുറിച്ചോ ആരെങ്കിലും സംസാരിക്കുമ്പോൾ നിങ്ങൾ ഒന്നും പറയില്ല. എന്നാൽ അഞ്ച് വർഷം മുമ്പ് നടന്ന ഒരു പ്രശ്നത്തെക്കുറിച്ച് ഞാൻ പറയുമ്പോൾ, നിങ്ങൾ എന്നോട് നിലവിലെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഇരട്ട സമീപനം നിങ്ങള്‍ സ്വീകരിക്കരുത്''- അഭിഷേക് ബാനര്‍ജി പറഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ കയ്യടിച്ചു.

''ഏകദേശം 50 വർഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചായിരുന്നു ബിപ്ലബ് ദേബ് സംസാരിച്ചത്. ആ സമയം നിങ്ങള്‍ മിണ്ടാതിരുന്നു. എന്നാൽ ഏതാനും വര്‍ഷം മുമ്പ് നടന്ന നോട്ട് നിരോധനത്തെ കുറിച്ച് പറയുമ്പോൾ അത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം 2020ൽ കർഷകരുമായോ പ്രതിപക്ഷവുമായോ കൂടിയാലോചിക്കാതെയാണ് വിവാദ കാർഷിക ബില്ലുകൾ പാർലമെൻ്റിൽ പാസാക്കിയതെന്നും അഭിഷേക് ബാനർജി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് സ്പീക്കര്‍ രംഗത്ത് എത്തി, ''ദയവായി രേഖകള്‍ പരിശോധിക്കുക, കാർഷിക ബില്ലുകൾ ഈ സഭയില്‍ അഞ്ചര മണിക്കൂർ ചർച്ച ചെയ്തുവെന്നായിരുന്നു സ്പീക്കറുടെ മറുപടി. 

പാർലമെൻ്റിൽ കാർഷിക നിയമങ്ങളെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ടി.എം.സി എം.പി അവകാശപ്പെട്ടപ്പോഴും സ്പീക്കര്‍ ഇടപെട്ടു, ''സ്പീക്കർ ചെയറിലിരുന്ന് സംസാരിക്കുന്നത് സത്യങ്ങളാണ്. നിങ്ങൾ സ്വയം തിരുത്തേണ്ടതുണ്ട്. എനിക്കൊരിക്കലും തെറ്റുപറ്റില്ല''-ഓം ബിര്‍ള പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News