സ്വന്തം വിവാഹത്തിന് എത്തിയില്ല; എം.എല്‍.എക്കെതിരെ കേസ്
തന്നെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
സ്വന്തം വിവാഹത്തിന് ഹാജരാകാത്തതിന് ബി.ജെ.ഡി എം.എൽ.എ ബിജയ് ശങ്കർ ദാസിനെതിരെ പൊലീസ് കേസെടുത്തു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാർ ഓഫീസിൽ ഹാജരാകാതെ തന്നെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒഡീഷയിലെ തിർതോൾ മണ്ഡലത്തിലെ എം.എല്‍.എയാണ് ബിജയ് ശങ്കർ ദാസ്.
എം.എല്‍എയും യുവതിയും മെയ് 17നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. 30 ദിവസത്തിന് ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവതി കുടുംബത്തോടൊപ്പം എത്തി. എന്നാല്‍ എം.എൽ.എ രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായില്ലെന്നാണ് പരാതി.
അതേസമയം ബിജയ് ശങ്കര്‍ ദാസിന്‍റെ പ്രതികരണം ഇങ്ങനെയാണ്- "വിവാഹ രജിസ്ട്രേഷന് ഇനിയും 60 ദിവസത്തെ സമയം കൂടിയുണ്ട്. അതിനാലാണ് പോകാതിരുന്നത്. രജിസ്ട്രാർ ഓഫീസിൽ പോകുന്ന കാര്യം ഭാവിവധുവോ വീട്ടുകാരോ അറിയിച്ചിരുന്നില്ല".
മൂന്ന് വർഷമായി എം.എല്‍.എയുമായി തനിക്ക് ബന്ധമുണ്ടെന്ന് യുവതി അവകാശപ്പെട്ടു. തീരുമാനിച്ച പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് എം.എല്‍.എ സമ്മതിച്ചതാണ്. എന്നാല്‍ എം.എല്‍.എയുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു. താന്‍ ഫോണ്‍ വിളിച്ചിട്ട് എം.എല്‍.എ എടുത്തില്ലെന്നും യുവതി പറഞ്ഞു.
ഐപിസി സെക്ഷൻ 420 (വഞ്ചന), 195 എ (തെറ്റായ തെളിവ് നൽകുമെന്ന് ഭീഷണിപ്പെടുത്തൽ), 294 (അശ്ലീല പ്രവൃത്തി), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി), 120 ബി (ക്രിമിനൽ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.