രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ; യൂട്യൂബർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചു.
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുൾപ്പെടെ പ്രകോപന- വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. യു.പിയിലെ നോയ്ഡ സ്വദേശിയായ യൂട്യൂബർ അജീത് ഭാരതിക്കെതിരെയാണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് അജീതിന് നോട്ടീസ് അയച്ചു.
വീഡിയോ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസും നോട്ടീസും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം എന്ന് നോട്ടീസിൽ പറയുന്നു.
'രാഹുൽ എരിതീയിൽ എണ്ണയൊഴിക്കാൻ കഠിനമായി ശ്രമിക്കുന്നു, നസീർ മോദിയെ മുസ്‍ലിം തൊപ്പിയിൽ കാണാൻ ആഗ്രഹിക്കുന്നു' എന്ന തലക്കെട്ടിലായിരുന്നു വീഡിയോ. ഇത് വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ കാരണമാകുന്നതായി നോട്ടീസിൽ പറയുന്നു.
അഭിഭാഷകനും കർണാടക പ്രദേശ് കോൺഗ്രസിന്റെ നിയമ- മനുഷ്യാവകാശ- വിവരാവകാശ സെൽ സംസ്ഥാന സെക്രട്ടറിയുമായ ബി.കെ ബൊപ്പണ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ ഐപിസി 153, 505 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിച്ച് കാണാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സംവിധായകനും സാമൂഹിക വിമർശകനുമായ നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു. മോദി സർക്കാർ മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വാർത്താപോർട്ടലായ ‘ദി വയറി’നു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്ക് വിവേകം കുറഞ്ഞുവരികയാണെന്നും തന്നെ ദൈവം അയച്ചതാണെന്നോ ദൈവമാണെന്നോ ഒക്കെ മോദി വിശ്വസിക്കുന്നുണ്ടെങ്കിൽ അത് ഭയപ്പെടേണ്ട കാര്യമാണെന്നും നസീറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് എളുപ്പമാണോ എന്ന് ചോദ്യത്തിന്, പ്രധാനമന്ത്രിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നസിറുദ്ദീൻ ഷാ പ്രതികരിച്ചിരുന്നു.