ബിഹാറിൽനിന്നുള്ള തൊഴിലാളികളെ തമിഴ്‌നാട്ടിൽ കൊലപ്പെടുത്തിയെന്ന് വ്യാജപ്രചാരണം; ബി.ജെ.പി നേതാവിനെതിരെ കേസ്

ഉത്തർപ്രദേശ് ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസ്.

Update: 2023-03-04 09:48 GMT

Case against bjp leader

Advertising

ന്യൂഡൽഹി: ബിഹാറിൽനിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടിൽ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് ബി.ജെ.പി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസ്. ഹിന്ദി സംസാരിച്ചതിന് ബിഹാറിൽനിന്നുള്ള 12 അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടിൽ തൂക്കിലേറ്റിയെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോ കൂടി ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങൾ നടക്കുമ്പോഴും ബിഹാർ നേതാവ് സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഭാഷയുടെയും പ്രദേശത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉമാറാവുവിനെതിരെ കേസെടുത്തത്. 'ദൈനിക് ഭാസ്‌കർ' എന്ന പത്രത്തിന്റെ എഡിറ്റർക്കെതിരെയും 'തൻവീർ പോസ്റ്റ്' എന്ന പ്രാദേശിക പത്രത്തിന്റെ ഉടമക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

ജാർഖണ്ഡ് സ്വദേശിയുമായുള്ള തർക്കത്തിൽ ഒരു ബിഹാറുകാരനായ തൊഴിലാളി കൊല്ലപ്പെട്ടതിനെ ഉത്തരേന്ത്യൻ തൊഴിലാളികൾക്കെതിരായ ആക്രമണമെന്നാണ് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അതിഥി തൊഴിലാളികളായ സഹോദങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ സർക്കാരിന്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും തമിഴ്‌നാട് സർക്കാരും ജനങ്ങളും അതിഥി തൊഴിലാളികളെ സംരക്ഷിക്കാനായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News