Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രാംഗോപാൽ വർമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. നായിഡുവിന് പുറമെ ജനസേന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ചിത്രവും രാംഗോപാൽ വർമ്മ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു.
ടിഡിപി നേതാവ് രാമലിംഗമാണ് പ്രകാശം ജില്ലയിലെ മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നായിഡുവിനെയും പവൻ കല്യാണിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് രാംഗോപാൽ വർമയുടേതെന്ന് പരാതിക്കാരൻ ആരോപിച്ചു. നായിഡുവിന് പുറമെ ഭാര്യ ബ്രാഹ്മണി, മകനും മന്ത്രിയുമായ നാരാ ലോകേഷ് എന്നിവരുടെ ചിത്രവും പ്രചരിപ്പിച്ചിരുന്നു.
വ്യൂഹം എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ വിവാദായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 2009-ൽ അന്നത്തെ മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്കാണ് രാംഗോപാൽ വർമ്മയുടെ ചിത്രം കടന്നുപോകുന്നത്. കഴിഞ്ഞ വർഷം അവസാനം ആന്ധ്രാപ്രദേശ് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റിലീസ് ചെയ്ത ചിത്രം രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.
അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് രാംഗോപാൽ വർമക്കെതിരെ കേസെടുത്തതായി പ്രകാശം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വൈഎസ്ആർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന രാംഗോപാൽ വർമ, തുടർച്ചയായി ചന്ദ്രബാബു നായിഡുവിനെ വിമർശിക്കുന്നത് വാർത്തകളിൽ ഇടം നേടിയിതിന് പിന്നാലെയാണ് പുതിയ വിവാദം.