കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം; ശോഭ കരന്തലജെക്കെതിരെ കേസ്
കേരളത്തിനും തമിഴ്‌നാടിനുമെതിരെ ശോഭ കരന്തലജെ വിദ്വേഷ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു
ബംഗളൂരു: കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ശോഭ കരന്തലജെക്കെതിരെ കേസെടുത്തു. മധുര സിറ്റി പൊലീസാണ് കേസെടുത്തത്.
സംഭവത്തില്‍ ശോഭ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. മലയാളികള്‍ കര്‍ണ്ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു പരാമര്‍ശം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സർക്കാർ സ്കൂളിലെ രണ്ടാം വർഷ പി.യു വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമർശം.
ബംഗളൂരുവിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ആക്ഷേപങ്ങള്‍. കർണ്ണാടകയിൽ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളെ പരാമർശിച്ചായിരുന്നു കരന്തലജെയുടെ ആക്ഷേപം. രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് മന്ത്രിയുടെ ആരോപണം.
ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരന്തലജെ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.