കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്

Update: 2023-09-20 11:18 GMT
Advertising

ഡൽഹി: കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം. പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് നിർദേശം. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം വേണമെങ്കിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയതിൽ തിരിച്ചടിച്ച് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യപുറത്താക്കിയിരുന്നു. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പവൻ കുമാറിനെ കാനഡ പുറത്താക്കിയത്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ഇന്ത്യയ്ക്ക് എതിരെയുളള ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയും പറ‍ഞ്ഞു.

എന്നാൽ ആരോപണം തളളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ആശങ്കയിലും ഭീതിയിലും ആയിരിക്കുന്നത് കാനഡയില്‍ ഉന്നതവിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും തേടി കുടിയേറാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News