ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; ശക്തമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി
മോഷ്ടിച്ച വാഹനം ഉപയോഗിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും വേണ്ടിവന്നാല്‍ ഇടപെടുമെന്നും സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. സുപ്രിംകോടതി ബാര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വികാസ് സിങ്ങാണ് സുപ്രീംകോടതിയില്‍ വിഷയം അവതരിപ്പിച്ചത്. ജഡ്ജിയുടെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
धनबाद के ज़िला सत्र जज उत्तम आनंद का बुधवार सुबह मोर्निंग वॉक में एक ऑटो के ठक्कर में मौत का मामला गहराता जा रहा हैं @ndtvindia @Anurag_Dwary pic.twitter.com/oV3m3Ca6x0
— manish (@manishndtv) July 28, 2021
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ധന്‍ബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉത്തം ആനന്ദിനെ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനമിടിച്ചത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തലക്ക് പരിക്കേറ്റ് ബോധരഹിതനായി വഴിയില്‍ കിടന്ന ജഡ്ജിയെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു. വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ജഡ്ജിയാണെന്ന് തിരിച്ചറിഞ്ഞത്.
വാഹനം കണ്ടെത്തിയതായി ജാര്‍ഖണ്ഡ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലഖാന്‍ കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി ഐ.ജി അമോല്‍ വിനുകാന്ത് ഹോംകാര്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട നിരവധികേസുകളില്‍ ജസ്റ്റിസ് ഉത്തം ആനന്ദ് വാദം കേള്‍ക്കുന്നത്. സമീപകാലത്ത് രണ്ട് ഗുണ്ടാനേതാക്കള്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് റിപ്പോര്‍ട്ടുണ്ട്.