ഇനി ഒരു ലക്ഷമല്ല, 1,24,000 രൂപ; എംപിമാരുടെ ശമ്പളവും അലവൻസും വർധിപ്പിച്ച് കേന്ദ്രം
2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.
Update: 2025-03-24 12:53 GMT


ന്യൂഡൽഹി: എംപിമാരുടെ ശമ്പളവും അലവൻസും വർധിപ്പിച്ച് കേന്ദ്രസർക്കാർ. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1,24,000 രൂപയായി വർധിപ്പിച്ചു. 24 ശതമാനമാണ് വർധന. നിലവിൽ 25,000 രൂപയുള്ള പെൻഷൻ 6000 രൂപ വർധിപ്പിച്ച് 31,000 രൂപയാക്കി.
2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഇതോടൊപ്പം 2,000യായിരുന്ന പ്രതിദിന അലവൻസ് 2500 രൂപയാക്കുകയും ചെയ്തു. 2018ലായിരുന്നു എംപിമാരുടെ ശമ്പളത്തിൽ അവസാനമായി വർധനയുണ്ടായത്. അന്ന് ഒരു ലക്ഷം രൂപയാക്കിയായിരുന്നു വർധന.
ഇതുകൂടാതെ മണ്ഡല അലവൻസും ഓഫീസ് അലവൻസും എംപിമാർക്ക് ലഭിക്കുന്നുണ്ട്. അതുംകൂടിയാവുമ്പോൾ പ്രതിമാസം 2,50,000 രൂപയോളം ലഭിക്കും. നേരത്തെ കർണാടകയിലടക്കം മുഖ്യമന്ത്രിയുടെയും നിയമസഭാ അംഗങ്ങളുടേയും ശമ്പളം വർധിപ്പിച്ചിരുന്നു.