'പ്രത്യേക സമുദായത്തിൽ നിന്നുള്ളയാൾ': ഗുജറാത്തിലെ ബിജെപി എംഎൽഎമാർ പരിഹസിക്കുന്നുവെന്ന് കോൺഗ്രസ് അംഗം ഇംറാൻ ഖേഡവാല

വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് എല്ലാം അംഗങ്ങളും വിട്ടുനിൽക്കണമെന്ന് സ്പീക്കർ ആവശ്യപ്പെടുകയും ചെയ്തു

Update: 2025-03-25 11:46 GMT
Editor : rishad | By : Web Desk
പ്രത്യേക സമുദായത്തിൽ നിന്നുള്ളയാൾ: ഗുജറാത്തിലെ ബിജെപി എംഎൽഎമാർ പരിഹസിക്കുന്നുവെന്ന് കോൺഗ്രസ് അംഗം ഇംറാൻ ഖേഡവാല
AddThis Website Tools
Advertising

അഹമ്മദാബാദ്: ഭരണകക്ഷിയായ ബിജെപി അംഗങ്ങൾ തന്നെ പരിഹസിക്കുന്നുവെന്ന പരാതിയുമായി ഗുജറാത്തിലെ ഏക മുസ്‌ലിം എംഎല്‍എ ഇംറാൻ ഖേഡവാല. അഹമ്മദാബാദിലെ ജമാൽപൂർ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയാണ് വിഷയത്തില്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളയാൾ' എന്ന തരത്തിലുളള പരാമർശങ്ങളാണ് ബിജെപി എംഎല്‍എമാര്‍ ഉപയോഗിക്കുന്നതന്ന് അദ്ദേഹം പറയുന്നു.  വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ ശങ്കർ ചൗധരി, വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സഭയിലെ എല്ലാ അംഗങ്ങളെയും ഉപദേശിച്ചു. ചോദ്യോത്തര വേളയിൽ ഖേഡവാല ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യം ചർച്ചയ്ക്ക് എടുത്തപ്പോഴാണ് വിഷയം ഉയർന്നുവന്നത്.

അഹമ്മദാബാദ് നഗരത്തിലെ വിശാല സർക്കിളിനും സർഖേജ് ക്രോസ്‌റോഡുകൾക്കും ഇടയിലുള്ള നിർദ്ദിഷ്ട മേൽപ്പാലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇംറാന്‍ തേടിയത്.

നഗരത്തിലെ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജുഹാപുര, സർഖേജ് പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 1,295.39 കോടി രൂപ ചെലവിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മേൽപ്പാലത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആവശ്യമായ അനുമതികൾ ലഭിച്ച ശേഷം 2027 ഓടെ ഇതിന്റെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ മറുപടിയും നൽകി. പാലത്തിന്റെ പണി എപ്പോൾ തുടങ്ങുമെന്നും എപ്പോൾ പൂർത്തീകരിക്കുമെന്നും ഖേഡവാല തന്റെ അനുബന്ധ ചോദ്യത്തിൽ ചോദിച്ചു.

റോഡിലെ കൈയേറ്റങ്ങളുടെ എണ്ണം ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രവൃത്തി ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും എന്ന് മറുപടിയായി മന്ത്രി ജഗദീഷ് വിശ്വകർമ പറഞ്ഞു.  മറുപടി നൽകവെ ഒരു പ്രത്യേക സമുദായത്തെ കുറിച്ച് മന്ത്രി ആവർത്തിച്ചു. ആ പ്രത്യേക സമുദായത്തിന്റെ കൈയേറ്റങ്ങളാണ് പദ്ധതി വൈകാൻ കാരണമെന്നും പറഞ്ഞു. തുടർന്ന് നിങ്ങളുടെ സമുദായം കൈയേറ്റം നടത്താതിരിക്കൽ പ്രത്യേക സമുദായത്തിന്റെ എംഎൽഎ എന്ന നിലയിൽ നിങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നാണ് തന്റെ പ്രത്യേക സമുദായത്തിന്റെ പ്രതിനിധിയെന്ന് വിശേഷിപ്പിച്ചതിൽ ഖേഡവാല പ്രതിഷേധം അറിയിച്ചത്. മറുപടിക്കിടെ പലതവണ പ്രത്യേക സമുദായക്കാരെ കുറിച്ച് പറഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News