വാര്‍ത്തകളിലെ വ്യാജനെ കണ്ടെത്താന്‍ പി.ഐ.ബിയെ നിയോഗിച്ച് കേന്ദ്രം

കേന്ദ്ര സര്‍ക്കാരിനെതിരായ വാര്‍ത്തകളെ അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് വിമര്‍ശനം

Update: 2024-03-21 07:11 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലെ വസ്തുത പരിശോധിക്കുന്നതിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ നിയോഗിച്ച് സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് വസ്തുതാ പരിശോധന നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകളാണ് ഫാക്ട് ചെക്ക് യൂണിറ്റ് പരിശോധിക്കുക. ഫാക്ട് ചെക്കിങ്ങില്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അവയുടെ ഉള്ളടക്കം നീക്കം ചെയ്യേണ്ടി വരും.

ഫാക്ട് ചെക്കിംഗ് യൂണിറ്റ് (എഫ്സിയു) സ്ഥാപിക്കുന്നത് സ്റ്റേ ചെയ്യാന്‍ ബോംബെ ഹൈക്കോടതി മാര്‍ച്ച് 14 ന് വിസമ്മതിച്ചിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസീന്‍സ്, സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ കുനാല്‍ കമ്രയും ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഫാക്ട് ചെക്കിങ് നടത്താന്‍ പിഐബിക്ക് ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്.

ഫേസ്ബുക്ക്, ട്വീറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹമാധ്യമങ്ങളും ഇതിന് കീഴില്‍ വരും. വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങളെ വ്യാജ വാര്‍ത്തയെന്നോ തെറ്റിദ്ധരിപ്പിക്കുന്നതെന്നോ ലേബല്‍ ചെയ്യാന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടി വരും. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇത്തരം വാര്‍ത്തകളുടെ ഉള്ളടക്കവും അതിന്റെ യുആര്‍എല്ലും ബ്ലോക്ക് ചെയ്യണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേന്ദ്രം ഉത്തരവ് ഇറക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെയും വാര്‍ത്തകളേയും അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News