മുന്നണികൾ മാറിയും മറിഞ്ഞും നായിഡു; 'കിങ് മേക്കറു'മായി എത്ര കാലം മോദി?
എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്‌ലിം സംവരണം നിര്‍ത്തലാക്കുമെന്ന് മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് റാലികളിലെല്ലാം നിരന്തരം ആവർത്തിച്ച കാര്യം തള്ളിയയാളാണ് ചന്ദ്രബാബു നായിഡു
കേവല ഭൂരിപക്ഷത്തിലേക്ക് 32 സീറ്റിന്റെ ദൂരമുണ്ട് ബി.ജെ.പിക്ക്. 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയിലും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി-യുവിലുമാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതീക്ഷകളെല്ലാം. ഇരുവരും മുന്നണിക്കൊപ്പം ഉറച്ചുനിന്നാൽ തന്നെയും ശിവസേന ഷിൻഡെ പക്ഷത്തിന്റെ ഉൾപ്പെടെ എം.പിമാരെ മറുകണ്ടം ചാടാതെ കാത്തുസൂക്ഷിക്കുകയും വേണം. എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
അപ്പോഴും, തനിച്ചു ഭൂരിപക്ഷമില്ലാതെ മോദി എത്ര കാലം മുന്നോട്ടുപോകുമെന്നതാണു ചോദ്യം. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും പ്രകടനപത്രികയിലുമെല്ലാം ആവർത്തിച്ച മുസ്‌ലിം സംവരണം നിർത്തലാക്കൽ, ഏക സിവിൽകോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം എങ്ങനെ മോദി സർക്കാരിനു നടപ്പാക്കാനാകുമെന്നതു വലിയ ചോദ്യചിഹ്നമാണ്. വലിയ വെല്ലുവിളി, ആന്ധ്രയിൽ മുസ്‌ലിം വോട്ടിന്റെ കൂടി കരുത്തിൽ അധികാരം പിടിച്ച ചന്ദ്രബാബു നായിഡു തന്നെയാകും. നായിഡുവിനു വേണ്ടി നിലപാട് മയപ്പെടുത്തിയാൽ, തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍, എത്രകാലം മോദിക്ക് ബി.ജെ.പിയിൽ വാഴാനാകുമെന്നതു കണ്ടുതന്നെ അറിയേണ്ടിവരും.
പാർട്ടികൾ മാറി, മുന്നണി മാറി
ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് ചന്ദ്രബാബു നായിഡു. 13 വർഷത്തിലേറെക്കാലമാണ് അദ്ദേഹം ആന്ധ്രയുടെ കരുത്തനായ ക്യാപ്റ്റനായി വാണത്. ഇപ്പോൾ പ്രായം 74. ഇത്രയും നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നായിഡുവിനെ പലമുഖങ്ങളിലും പല നിറങ്ങളിലും രാജ്യം കണ്ടു.
യൂത്ത് കോൺഗ്രസിലൂടെയാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. സ്വാതന്ത്ര്യ സമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എൻ.ജി രംഗ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള വഴിതുറന്നുകൊടുത്തു. 1978ൽ ചന്ദ്രഗിരിയുടെ ജനപ്രതിനിധിയായി ആന്ധ്ര നിയമസഭയിൽ. 1980ൽ, വെറും 30-ാം വയസിൽ, ടി. അഞ്ചയ്യ സർക്കാരിൽ മന്ത്രിയുമായി.
അന്ന് സിനിമാ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നത് നായിഡുവായിരുന്നു. അങ്ങനെയാണ് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാർ എൻ.ടി രാമറാവു എന്ന എൻ.ടി.ആറിന്റെ പരിചയവലയിലെത്തുന്നത്. പരിചയം ഗാഢമായി. അധികം വൈകാതെ സ്വന്തം മകളെ, നാരാ ഭുവനേശ്വരിയെ, നായിഡുവിനു വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു എൻ.ടി.ആർ.
തെലുഗുദേശം പാർട്ടി(ടി.ഡി.പി) എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച് എൻ.ടി.ആർ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയത് അതിവേഗത്തിലായിരുന്നു; 1983ൽ. എന്നാൽ, മരുമകൻ ആ പരീക്ഷണത്തിനൊപ്പം നിന്നില്ല. കോൺഗ്രസിൽ തന്നെ നിലയുറപ്പിച്ചു നായിഡു. ചന്ദ്രഗിരിയിൽ ടി.ഡി.പിക്കെതിരെ മത്സരിക്കാനും ധൈര്യം കാണിച്ചു. എന്നാൽ, ആ ധീരതയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. എൻ.ടി.ആർ ആന്ധ്രയിൽ തരംഗമായി മാറിയ ആ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ ചന്ദ്രഗിരിയിൽ നായിഡുവിനെ ടി.ഡി.പി സ്ഥാനാർഥി തറപറ്റിച്ചു. ഇതോടെ ഭർതൃപിതാവാണിനി ഭാവിയെന്നു തിരിച്ചറിഞ്ഞ് ടി.ഡി.പിയിലേക്കു ചാടി.
തുടക്കത്തിൽ പാർട്ടിയെ താഴേക്കിടയിൽനിന്നു കെട്ടിപ്പടിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ലഭിച്ചത്. ഒട്ടും മടികൂടാതെ അത് ഏറ്റെടുത്ത നായിഡു ഏതാനും നാളുകൾകൊണ്ട് ടി.ഡി.പിക്കൊരു സുശക്തമായ സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്തു. 1984ൽ നദേന്ദ്‌ല ഭാസ്‌കര റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിയിൽ തളരാതെ പാർട്ടിയെ പിടിച്ചുനിർത്തി. അതിനെല്ലാമുള്ള അംഗീകാരമായി എൻ.ടി.ആർ നായിഡുവിനെ പാർട്ടി ജനറൽ സെക്രട്ടറി പദവിയുമേൽപ്പിച്ചു.
1989ൽ കുപ്പത്തുനിന്നു വിജയിച്ച് ഒരിക്കൽകൂടി നിയമസഭയിലെത്തിയെങ്കിലും അധികാരം പിടിച്ചത് കോൺഗ്രസായതിനാൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. 1994ൽ വീണ്ടും കുപ്പം ജയിച്ചു. ടി.ഡി.പി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു. എൻ.ടി.ആർ സർക്കാരിൽ ചന്ദ്രബാബു നായിഡു ധനമന്ത്രി. എന്നാൽ, തൊട്ടടുത്ത വർഷം ടി.ഡി.പിയിൽ സ്വന്തം ഭർതൃപിതാവിനെതിരെ പാളയത്തിൽ പടയ്ക്കു നേതൃത്വം നൽകിയത് നായിഡു തന്നെയായിരുന്നു. എൻ.ടി.ആറിന്റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പാർട്ടിയിൽ പിടിമുറുക്കുന്നതിനെതിരെയുള്ള പടയൊരുക്കമായിരുന്നു അത്. ആ പാർട്ടി കലാപത്തിൽ ഭൂരിഭാഗം എം.എൽ.എമാരും നായിഡുവിനൊപ്പം നിന്നു.
അങ്ങനെ എൻ.ടി.ആറിനെ പുറത്താക്കി 45-ാം വയസിൽ ആന്ധ്ര മുഖ്യമന്ത്രിക്കസേരയിൽ കയറിയിരുന്നു ചന്ദ്രബാബു നായിഡു. ടി.ഡി.പിയുടെ അമരത്തും ചോദ്യംചെയ്യപ്പെടാത്ത നേതാവായി നായിഡു പിടിമുറുക്കിത്തുടങ്ങിയത് അങ്ങനെയായിരുന്നു. ഇതിനിടയിൽ 1996ൽ ദേശീയരാഷ്ട്രീയത്തിലും നിർണായക നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചു. കോൺഗ്രസിനെ അധികാരത്തിനു പുറത്തുനിർത്തി എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോഴും പിന്നീട് ഐ.കെ ഗുജ്‌റാൾ വന്നപ്പോഴും ആ രാഷ്ട്രീയ നീക്കങ്ങളിലെല്ലാം നിർണായകറോൾ നായിഡുവിനുമുണ്ടായിരുന്നു. അന്ന് ഐക്യമുന്നണിയുടെ കൺവീനറാകുകയും ചെയ്‌തെന്നു മാത്രമല്ല, ഡൽഹിയിലെ ആന്ധ്രപ്രദേശ് ഭവനായിരുന്നു അന്ന് സഖ്യത്തിന്റെ ആസ്ഥാനമായി പ്രവർത്തിച്ചത്. അങ്ങനെ ദേശീയരാഷ്ട്രീയത്തെ നിർണയിക്കുന്ന ശക്തിയായി ആന്ധ്രയെ അദ്ദേഹം മാറ്റി.
1999ൽ പാർട്ടിയെ മുന്നിൽനിന്നു നയിച്ച് ആന്ധ്രയിൽ വീണ്ടും ഭരണത്തിലേറി. നിയമസഭയിൽ 294ൽ 180 സീറ്റും ഒറ്റയ്ക്ക് പിടിച്ചു. അന്നുതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റിൽ 29ഉം സ്വന്തമാക്കി ദേശീയ രാഷ്ട്രീയത്തിലും അപ്രമാദിത്തമുറപ്പിച്ചു നായിഡു. ലോക്‌സഭയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ രണ്ടാമത്തെ കക്ഷിയായി ടി.ഡി.പി ദേശീയ ജനാധിപത്യ സഖ്യത്തെ(എൻ.ഡി.എ) പിന്തുണച്ചു. നായിഡുവിന്റെ തോളിലേറി അന്ന് എ.ബി വാജ്‌പേയി അധികാരത്തിലേറി. പ്രശ്‌നാധിഷ്ഠിതമായിരുന്നു ടി.ഡി.പിയുടെ പിന്തുണ. അതുകൊണ്ടുതന്നെ വാജ്‌പേയി എട്ട് കാബിനറ്റ് പദവി വാഗ്ദാനം ചെയ്തിട്ടും സ്വീകരിച്ചില്ല. പുറത്തുനിന്നു പിന്തുണ തുടർന്നു.
ഇതിനിടയിൽ ഒരു വധശ്രമത്തെയും അതിജീവിച്ചു അദ്ദേഹം. തിരുപ്പതിയിലെ അലിപ്പിരി ടോൾഗേറ്റിൽ നക്‌സൽ സംഘമായ പീപ്പിൾസ് വാർ ഗ്രൂപ്പ് വച്ച കുഴിബോംബിൽനിന്ന് നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ആന്ധ്ര മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ വഴിയിൽ 17 കുഴിബോംബുകളാണു വച്ചിരുന്നത്. അതിൽ എട്ടും പൊട്ടിത്തെറിച്ചു. ചെറിയ പരിക്കുകളോടെയാണ് അന്ന് നായിഡു അത്ഭുതകരമായി രക്ഷപ്പെട്ടത്.
വധശ്രമത്തിനു പിന്നാലെ സർക്കാർ പിരിച്ചുവിട്ടു നായിഡു. 2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര വീണ്ടും പോളിങ് ബൂത്തിലേക്ക്. ഭരണവിരുദ്ധ വികാരം തടയാൻ പോന്നൊരു സഹതാപ തരംഗം ആ വധശ്രമ സംഭവത്തിനു പിന്നാലെ ആന്ധ്രയിലെവിടെയുമുണ്ടായില്ല. നിയമസഭയും ലോക്‌സഭയും അമ്പേ പരാജയപ്പെട്ട ടി.ഡി.പിക്ക് ആന്ധ്ര രാഷ്ട്രീയത്തിൽ വലിയ വെല്ലുവിളിയുയർത്തി കോൺഗ്രസ്-തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലേറി.
2009ൽ ആന്ധ്ര വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങിയപ്പോൾ പുതിയൊരു വെല്ലുവിളി കൂടി ടി.ഡി.പിക്കു മുന്നിലെത്തി. ചിരഞ്ജീവിയുടെ പ്രജാരാജ്യമായിരുന്നു അത്. കോൺഗ്രസ് സംഖ്യം വിട്ടുവന്ന ടി.ആർ.എസിനെ കൂടെക്കൂട്ടിയെങ്കിലും ഇത്തവണയും ടി.ഡി.പിക്കു രക്ഷയുണ്ടായില്ല. 156 സീറ്റുമായി കോൺഗ്രസിന് ഭരണത്തുടർച്ച. ടി.ഡി.പിക്ക് 92 സീറ്റ് ലഭിച്ചപ്പോൾ 18 സീറ്റാണ് ചിരഞ്ജീവിയുടെ പ്രജാരാജ്യം പിടിച്ചത്.
ആന്ധ്ര-തെലങ്കാന വിഭജനത്തിനുശേഷമാണ് ചന്ദ്രബാബു നായിഡുവിന്റെയും ടി.ഡി.പിയുടെയും ശനിദശ ഒന്ന് ഒഴിഞ്ഞത്. 2014ൽ സംസ്ഥാന വിഭജനത്തിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും പവൻ കല്യാണിന്റെ ജനസേന പാർട്ടിക്കുമൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. 175ൽ 102 സീറ്റുമായി സഖ്യം ഭരണം പിടിച്ചു. ചന്ദ്രബാബു നായിഡു പുതിയ ആന്ധ്രയുടെ മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. ലോക്‌സഭയിൽ 16 സീറ്റ് സ്വന്തമാക്കിയ ടി.ഡി.പി കേന്ദ്രത്തിൽ കന്നി മോദി സർക്കാരിനൊപ്പവും സഖ്യംചേർന്നു. കേന്ദ്രത്തിൽ രണ്ടു കാബിനറ്റ് പദവി ടി.ഡി.പിക്ക് ലഭിച്ചപ്പോൾ ആന്ധ്രയിൽ രണ്ടു മന്ത്രിസ്ഥാനം ബി.ജെ.പിക്കു നൽകുകയും ചെയ്തു.
2018ൽ രണ്ടു മന്ത്രിമാരെയും പിൻവലിച്ച് മോദി സർക്കാരിൽനിന്നു രാജിവച്ചു ടി.ഡി.പി. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാത്തതുമായി ബന്ധപ്പെട്ട എതിർപ്പായിരുന്നു കാരണം. പിന്നീട് കോൺഗ്രസിനൊപ്പം ചേർന്നു. 2018ൽ പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസുമായി കൈക്കോർത്തു നായിഡു. കോൺഗ്രസും സി.പി.എമ്മുമായി ചേർന്ന് സഖ്യം രൂപീകരിച്ചു. സഖ്യ പരീക്ഷണം കെ. ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസിനു മുന്നിൽ തെലങ്കാനയിൽ പരാജയപ്പെട്ടു. 2019 സഖ്യം വേർപിരിഞ്ഞ് വീണ്ടും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു. അന്ന് വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ പാർട്ടിക്കു മുന്നിലും അടിതെറ്റി നായിഡുവിന്.
ഇത്തവണ ബി.ജെ.പിയെയും പവൻ കല്യാണിന്റെ ജനസേനയെയും കൂട്ടി പഴയ പരീക്ഷണം ഒരിക്കൽകൂടി പയറ്റി വിജയിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും. 135 സീറ്റ് പിടിച്ചടക്കി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ടി.ഡി.പി. ജെ.എൻ.പിക്ക് 21ഉം ബി.ജെ.പിക്ക് എട്ടും സീറ്റ് ലഭിച്ചപ്പോൾ 11 സീറ്റുമായി വൈ.എസ്.ആർ.സി.പിക്ക് അധികാരത്തിൽനിന്നു താഴെയിറങ്ങേണ്ടിവന്നു.
നായിഡുവിന്റെ 'മുസ്‌ലിം രാഷ്ട്രീയം'
ഇത്തവണ തെരഞ്ഞെടുപ്പിനിടെ നെല്ലൂരിൽ മുസ്‌ലിം നേതാക്കളുമായി ചന്ദ്രബാബു നായിഡു ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പള്ളി ഇമാമുമാരെയും മതപണ്ഡിതരെയും അദ്ദേഹം കണ്ടത് തലയിൽ തൊപ്പിവച്ചാണ്. ആ കൂടിക്കാഴ്ചയിൽ മുസ്‌ലിം നേതാക്കളുടെ ആശങ്കകളോട് പ്രതികരിച്ച് നായിഡു വ്യക്തമാക്കിയ കുറേ കാര്യങ്ങളുണ്ട്. ബി.ജെ.പിക്കും മോദിക്കും വെല്ലുവിളിയാകാൻ പോകുന്നത് അതൊക്കെയുമാകും.
എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്‌ലിം സംവരണം ഒഴിവാക്കുമെന്ന് മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് റാലികളിലെല്ലാം നിരന്തരം ആവർത്തിച്ച കാര്യമാണ്. എന്നാൽ, അതുണ്ടാകില്ലെന്നു വ്യക്തമാക്കിപ്പറഞ്ഞു നായിഡു. എന്നു മാത്രവുമല്ല, സുപ്രിംകോടതിയിൽ മുസ്ലിം സംവരണത്തിനു വേണ്ടി പോരാടിയ പാർട്ടിയാണ് ടി.ഡി.പിയെന്നു നേതാക്കളെ ഉണർത്തുക കൂടി ചെയ്തു അദ്ദേഹം.
സുപ്രിംകോടതിയിൽ മുസ്‌ലിം സംവരണ വിഷയത്തില്‍ അഭിഭാഷകരെ നിർത്തി കക്ഷി ചേർന്നിട്ടുണ്ട് ടി.ഡി.പി. അക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം തന്റെയും പാർട്ടിയുടെയും മതേതരത്വവും മുസ്‌ലിം സൗഹൃദ രാഷ്ട്രീയവും നേതാക്കള്‍ക്കു മുന്നില്‍ സ്ഥാപിച്ചത്. സംസ്ഥാനത്ത് തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ മുസ്‍ലിം സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മക്കയിൽ ഹജ്ജിനു പോകുന്ന ഓരോ മുസ്‌ലിമിനും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന വാഗ്ദാനവും നൽകിയിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനും മുസ്‍ലിം വിരുദ്ധ നയങ്ങൾക്കുമെതിരെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം മോദിക്കും എന്‍.ഡി.എയ്ക്കുമുള്ള പിന്തുണ പ്രശ്നാധിഷ്ഠിതമായിരിക്കുമെന്ന തരത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഇപ്പോള്‍ താല്‍ക്കാലികാശ്വാസത്തിനു ഭരണത്തിലേറിയാലും പഴയ ഏകാധിപതിയായ മോദിയെ ഇനി കാണാനാകില്ലെന്നുറപ്പാണ്. ഏതു സമയവും പാലം വലിക്കാവുന്ന നായിഡുവും നിതീഷും രണ്ടു വശത്തും നില്‍ക്കുമ്പോള്‍ തലയില്‍ എടുത്തുവയ്ക്കുന്നത് മുള്‍കിരീടമാണെന്ന കൃത്യമായ ബോധ്യം മോദിക്കും ബി.ജെ.പിക്കുമുണ്ടാകും.
Summary: Chandrababu Naidu to become kingmaker in comeback; What will be Modi government's future?