അഴിമതിക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ചന്ദ്രബാബു നായിഡു
അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു
ഡൽഹി: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു സുപ്രീംകോടതിയെ സമീപിച്ചു. അഴിമതി കേസ് റദ്ദാക്കണമെന്ന നായിഡുവിന്റെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ചന്ദ്രബാബു നായിഡു രാജമുണ്ട്രി സെൻട്രൽ ജയിലിലാണ്.