അഴിമതിക്കേസില്‍ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും; ആന്ധ്രയിൽ പ്രതിഷേധം കടുക്കുന്നു
2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും. വിജയവാഡയിലെ അഴിമതി നിരോധന പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. അറസ്റ്റ് നടപടികളുടെ ഭാഗമായി വൈദ്യപരിശോധന പൂർത്തിയായി. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിനെ തുടർന്നു ആന്ധ്രയിൽ പ്രതിഷേധം കടുത്തിട്ടുണ്ട്. ജെ.എസ്.പി.നേതാവും നടനുമായ പവൻകല്യാൺ അർധരാത്രിയിൽ റോഡിൽ കിടന്നു പ്രതിഷേധിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ കാണാൻ പോകുന്ന വഴി വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു പ്രതിഷേധം.പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയുടെ പിന്തുണ അഭ്യർത്ഥന അറിഞ്ഞു നിരവധി ടി ഡിപി പ്രവർത്തകർ പാതിരാത്രി വരെ പ്രതിഷേധിച്ചു. നിരവധി ടി ഡി പി എം.എൽ.എ മാരെ കരുതൽ തടങ്കലിലേക്ക് മാറ്റി.
നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെയും (സിഐഡി) നേതൃത്വത്തിൽ വലിയൊരു സംഘം പൊലീസ് സംഘം കഴിഞ്ഞദിവസം പുലർച്ചെ 3 മണിയോടെ നഗരത്തിലെ ആർകെ ഫംഗ്‌ഷൻ ഹാളിലുള്ള നായിഡുവിനെ കസ്റ്റഡിയിലെടുക്കാൻ എത്തുകയായിരുന്നു. നന്ദ്യാല നഗരത്തിൽ പൊതുയോഗത്തിന് ശേഷം തന്‍റെ കാരവാനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. എന്നാൽ, വൻതോതിൽ തടിച്ചുകൂടിയ ടിഡിപി പ്രവർത്തകരിൽ നിന്ന് പൊലീസിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. നായിഡുവിന് കാവൽ നിൽക്കുന്ന എസ്പിജി സേന പോലും പൊലീസിനെ അനുവദിച്ചില്ല. ഒടുവിൽ, രാവിലെ 6 മണിയോടെ പൊലീസ് നായിഡുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എപി സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ നായിഡുവിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ഡി.ഐ.ജി പറഞ്ഞു.