ചന്ദ്രയാൻ 3 കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ ഉച്ചക്ക് 2.35ന്
ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 140 കോടി ജനങ്ങളുടെ ആകാംക്ഷ മുഴുവൻ നിറച്ചൊരു യാത്ര
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്ന് കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ മാത്രം. ശ്രീഹരിക്കോട്ടയിൽ കൗണ്ട് ഡൗൺ തുടങ്ങി. നാളെ ഉച്ചക്ക് 2.35നാണ് വിക്ഷേപണം. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 140 കോടി ജനങ്ങളുടെ ആകാംക്ഷ മുഴുവൻ നിറച്ചൊരു യാത്ര. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, ഈ മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് യാത്ര.
ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലാണ്, ചന്ദ്രയാൻ പേടകമുള്ളത്. 16 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമ്പോൾ. പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാൻ തുടങ്ങും. അഞ്ചു തവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനിൽ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിർണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ആഗസ്ത് 23 വരെ ക്ഷമയോടെ കാത്തിരിക്കണം. ചന്ദ്രനിൽ ഇറങ്ങുന്ന വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രഖ്യാൻ റോവർ, ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന വെളിപ്പെടുത്തും.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിൽ ആണ്. സതീഷ്ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2 35 നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയാക്കി, വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ. ഇനി നിമിഷങ്ങൾ എണ്ണി കാത്തിരിക്കാം, രാജ്യത്തിന്റെ പേര് വാനോളം ഉയരുന്ന ചന്ദ്രയാൻ ദൗത്യത്തിനായി