'ഫെഡറലിസത്തിനെതിരായ പ്രത്യക്ഷാക്രമണം' ബി.എസ്.എഫിന്‍റെ അധികാര പരിധി വര്‍ധിപ്പിച്ച നടപടിയിൽ പ്രതിഷേധവുമായി ചരൺജീത് സിങ്ങ്
ബി.എസ്.എഫിന്‍റെ അധികാര പരിധി വര്‍ധിപ്പിച്ച് ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്
ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടിയ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ്ങ് ചന്നി. ഫെഡറലിസത്തിനെതിരായ പ്രത്യക്ഷാക്രമണമാണ് ഇതെന്നും നടപടി ഉടന്‍ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'അതിർത്തി സംരക്ഷണ സേനക്ക് കൂടുതൽ അധികാരങ്ങൾ നൽകിയ കേന്ദ്ര നിലപാടിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ 50 കിലോമീറ്റർ പരിധിയിലേക്ക് കടക്കാൻ ബി.എസ്.എഫിന് ലഭിച്ച അനുമതി ഫെഡറലിസത്തിനെതിരായ പ്രത്യക്ഷാക്രമണമാണ്. ഉടൻ തന്നെ ഈ നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെടുന്നു' ചരൺ ജീത് സിങ്ങ് പറഞ്ഞു. കേന്ദനടപടി ഫെഡറലിസത്തിന്‍റെ ആത്മാവിനെ ദുർബലമാക്കുമെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജീന്ദർ സിങ്ങ് പറഞ്ഞു.
ബി.എസ്.എഫിന്‍റെ അധികാര പരിധി വര്‍ധിപ്പിച്ച് ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചാബ്, പശ്ചിമബംഗാൾ ,അസം സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടിയത്. ഇനി മുതൽ സേനക്ക് അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകൾ നടത്താം. നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ബി.എസ്എ.ഫിന്‍റെ അധികാര പരിധി 15 കിലോമീറ്റർ ആയിരുന്നു. ആളുകളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും ബി.എസ്എ.ഫിന് അധികാരമുണ്ടാവും. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷങ്ങള്‍ വർധിക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
എന്നാൽ കേന്ദ്രനടപടിയെ അനുകൂലിച്ച് സ്ഥാനമൊഴിഞ്ഞ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് രംഗത്ത് വന്നു. പാക് തീവ്രവാദ സംഘങ്ങൾ പഞ്ചാബ് അതിർത്തിയിൽ വലിയ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത് എന്നും ബി.എസ്.എഫി ന്‍റെ അധികാരപരിധി വർധിപ്പിക്കുന്നത് നമ്മെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.