8.8 കിലോമീറ്ററിന് 1334 രൂപ; ഊബറിന് വൻപിഴ ചുമത്തി
ഒരു കിലോമീറ്ററിന് 150 രൂപയാണ് ഊബർ ഈടാക്കിയതെന്ന് പരാതിക്കാരൻ പറഞ്ഞു
ചണ്ഡീഗഡ്: 8.8 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 1,334 രൂപ ഈടാക്കിയ ഊബറിന് വൻ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 359 രൂപക്ക് പകരം വൻ തുക ഈടാക്കിയതിന് ഊബർ ഇന്ത്യക്ക് 20000 രൂപയാണ് പിഴയിട്ടത്.
8.8 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഊബർ ബുക്ക് ചെയ്ത ചണ്ഡീഗഡ് സ്വദേശി അശ്വനി പ്രഷാറിന് ആപ്പിൽ രേഖപ്പെടുത്തിയ നിരക്ക് 359 രൂപയായിരുന്നു. 16.38 മിനുട്ട് സമയമെടുത്താണ് 8.8 കിലോമീറ്റർ ദൂരം താണ്ടിയത്. എന്നാൽ യാത്ര അവസാനിപ്പിച്ചപ്പോൾ ആപ്പിൽ 359 രൂപ 1334 ആയി മാറി. ഇതിനെ തുടർന്ന് നിരവധി തവണ ഊബറിന് പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അശ്വനി പരാതിയുമായിഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
റോഡിലെ േബ്ലാക്കുകളും മറ്റും കാരണം ഇടക്ക് റൂട്ട് മാറ്റേണ്ടി വന്നുവെന്ന് ഊബർ വാദിച്ചു. റൂട്ട് മാറ്റിയത് യാത്രക്കാരൻ ആവശ്യപ്പെട്ടതുകൊണ്ടാണോ അതോ ഡ്രൈവറുടെ തീരുമാനമാണോ എന്ന് അറിയില്ലെന്നും ഊബർ വാദിച്ചു. എന്നാൽ സഞ്ചരിച്ച ദൂരവും റൂട്ട്മാപ്പും പരിശോധിച്ച കമീഷൻ യാത്ര ദൂരത്തിന് നൽകേണ്ടിവരുന്ന യഥാർത്ഥ നിരക്ക് 358.57 രൂപയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഊബർ ഇന്ത്യക്ക് 20000 രൂപ പിഴചുമത്തിയത്. അതിൽ 10,000 രൂപ യാത്രക്കാരന് നൽകണം.ബാക്കി 10,000 രൂപ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കണം.
8.83 കിലോമീറ്ററിന് താൻ 1,334 രൂപ ഊബറിന് നൽകിയപ്പോൾ കിലോമീറ്ററിന് 150 രൂപയാണ് ഊബർ ഈടാക്കിയതെന്ന് അശ്വനി പറഞ്ഞു. 2021 ഓഗസ്റ്റ് 6-ന് രാത്രി 10.40 ന് തുടങ്ങിയ യാത്ര 10.57 നാണ് അവസാനിച്ചത്. 359 രൂപ 1334 ആയി കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ ഊബർ ആപ്പിലൂടെയും ജിമെയിലിലൂടെയും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ഊബർ ഇന്ത്യ പരാതിക്കാരന് 975 രൂപ തിരികെ നൽകിയെന്നും ഊബർ അവകാശപ്പെട്ടു. ഉപഭോക്താവിന് സേവനം നൽകുന്നതിൽ ഊബറിലുണ്ടായ പോരായ്മ കമ്പനി ഡ്രൈവർക്ക് മുകളിൽ ചുമത്തുകയാണ്.എന്നാൽ രേഖകൾ പ്രകാരം ഊബർ നിർദേശ പ്രകാരമാണ് പരാതിക്കാരൻ ഡ്രൈവർക്ക് പണം നൽകാൻ നിർബന്ധിതനായതെന്നും കമ്മീഷൻ പറഞ്ഞു.