ഛത്തീസ്ഗഡ്: ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; നേതാവില്ലാതെ ബിജെപി
മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം.
റായ്പൂർ: തുടർച്ചയായി മൂന്നു തവണ അധികാരത്തിലിരുന്ന ബിജെപിയെ അട്ടിമറിച്ചാണ് 2018ൽ കോൺഗ്രസ് ഛത്തീസ്ഗഡിൽ ഭരണത്തിലെത്തിയത്. 90 മണ്ഡലത്തിൽ 68 ഉം ജയിച്ചായിരുന്നു കോൺഗ്രസിന്റെ തേരോട്ടം. ഒന്നര ദശാബ്ദം ഭരിച്ച ബിജെപി 15 സീറ്റിലൊതുങ്ങി. വോട്ടിങ് ശതമാനത്തിൽ പത്തു ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുകക്ഷികൾക്കുമുണ്ടായത്.
2018 ഒരിക്കൽ കൂടി ആവർത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇത്തവണ കോൺഗ്രസ്. തിരിച്ചുവരാനുള്ള യത്‌നങ്ങളിൽ ബിജെപിയും. മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം. അതിന് പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്നത് ബിജെപിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. നവംബർ ഏഴ്, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
2000 നവംബർ ഒന്നിനാണ് മധ്യപ്രദേശിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഛത്തീസ്ഗഡ് സംസ്ഥാനം നിലവിൽ വരുന്നത്. 1998 ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് അജിത് ജോഗിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചത്. പിന്നീട് 2003 മുതൽ 2018 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ബി.ജെ.പിയായിരുന്നു അധികാരത്തിൽ. 2018ൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവു നടത്തി അധികാരത്തിലെത്തി.
2018ൽ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ.സി.സി) അഞ്ചു സീറ്റും ബി.എസ്.പി രണ്ടു സീറ്റും നേടി. അജിത് ജോഗി കോൺഗ്രസിൽനിന്ന് രാജിവെച്ച് പുതുതായി രൂപീകരിച്ച പാർട്ടിയാണ് ജെ.സി.സി.
ജെ.സി.സി-ബി.എസ്.പി-സി.പി.ഐ സഖ്യം നിർണായകമാവുമെന്ന് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തിയെങ്കിലും ആറു സീറ്റ് മാത്രമേ സഖ്യത്തിന് നേടാനായുള്ളൂ. നിലവിലെ കക്ഷിനില ഇങ്ങനെ; കോൺഗ്രസ് 71, ബി.ജെ.പി 15, ബി.എസ്.പി 2, ജെ.സി.സി 1 എന്നതാണ്. ഒരു മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നു.
ജനസംഖ്യയുടെ 93.25 ശതമാനം ഹിന്ദു സമുദായമാണ്. രണ്ട് ശതമാനം മുസ്ലിംകളും 1.92 ശതമാനം ക്രിസ്ത്യാനികളുമാണ്. ഹിന്ദു സമുദായത്തിൽ 30.6 ശതമാനം പട്ടികജാതി വിഭാഗവും 12.8 ശതമാനം പട്ടിക വർഗക്കാരുമാണ്. 2.3 കോടിയാണ് ആകെ വോട്ടർമാർ.
മൂന്നു തവണ മുഖ്യമന്ത്രിയായ രമണ്‍ സിങ്ങിന് ശേഷം വ്യക്തിപ്രഭാവമില്ല നേതാവില്ല എന്നതാണ് ബിജെപിയെ വലയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചില കാര്യങ്ങളിൽ അഭിപ്രായം പറയുക എന്നതല്ലാതെ രമണ്‍ സിങ് രാഷ്ട്രീയത്തിൽ സജീവമല്ല. 2018ലെ വൻ തോൽവിയാണ് രാമൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയായത്. രമണ്‍ സിങ് മാത്രമല്ല, തന്റെ മന്ത്രിസഭയിലുണ്ടായിരുന്ന മിക്ക മന്ത്രിമാരും മുൻ തെരഞ്ഞെടുപ്പിൽ തോറ്റത് അദ്ദേഹത്തിന് കനത്ത ആഘാതമായി. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഒ.പി ചൗധരിയാണ് പാർട്ടി വേദികളിൽ കുറച്ചെങ്കിലും ആളനക്കമുണ്ടാക്കുന്ന ബിജെപി നേതാവ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാതെയാണ് ബിജെപിയുടെ പ്രചാരണം. മിക്ക സംസ്ഥാനങ്ങളിലെയും പോലെ മോദി ഫാക്ടർ വോട്ടാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി.എസ് സിങ് ദിയോയും തമ്മിലുള്ള ഗ്രൂപ്പ് പ്രശ്നങ്ങളും തങ്ങൾക്ക് ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു.
ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതും നെല്ലിന്റെ താങ്ങുവില 2800 രൂപയാക്കിയതും 2500 രൂപ തൊഴിലില്ലാ പെൻഷൻ വിതണം ചെയ്യുന്നതുമെല്ലാം വോട്ടായി മാറും എന്നാണ് കോൺഗ്രസ് കരുതുന്നത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കഴിഞ്ഞതും പ്രതീക്ഷ നൽകുന്ന ഘടകമാണ്. 2018 നു ശേഷം നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും 2021 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ കഴിഞ്ഞതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.