ഗാംബിയയിൽ ഇന്ത്യൻ മരുന്ന് കുടിച്ച് കുട്ടികൾ മരിച്ചെന്ന ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ഹരിയാനയിലെ മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സിന് എതിരെയാണ് അന്വേഷണം
ന്യൂഡൽഹി:ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ഹരിയാനയിലെ മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സിന് എതിരെയാണ് അന്വേഷണം. കമ്പനിയുടെ സിറപ്പുകൾ നിരോധിച്ചേക്കും.
ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകളാണെന്ന ഗുരുതര ആരോപണമാണ് ലോക ആരോഗ്യ സംഘടന ഉന്നയിച്ചത്. തുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഹരിയാന ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് എതിരെ അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ അടക്കമുള്ള കമ്പനിയുടെ നാല് കഫ്സിറപ്പുകളിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. ഈ മരണങ്ങൾ എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടില്ല.