ബിഹാറിൽ പുതിയ സഖ്യ നീക്കങ്ങളുമായി ബി.ജെ.പി; ചിരാഗ് പാസ്വാൻ നിത്യാനന്ദ് റായിയെ കണ്ടു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ചിരാഗ് പാസ്വാനെ മന്ത്രിയാക്കുമെന്നാണ് സൂചന.

Update: 2023-07-09 10:49 GMT
Advertising

പട്‌ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ പുതിയ സഖ്യനീക്കവുമായി ബി.ജെ.പി. രാം വിലാസ് പാസ്വാന്റെ മകനും ലോക് ജനശക്തി പാർട്ടി നേതാവുമായ ചിരാഗ് പാസ്വാൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിത്യാനന്ദ് റായിയുമായി ചർച്ച നടത്തി.

ബി.ജെ.പി നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം ചിരാഗ് പാസ്വാൻ പാർട്ടി യോഗം വിളിച്ച് വിശദാംശങ്ങൾ അറിയിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും 2025 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെയും സഖ്യം സംബന്ധിച്ചാണ് ചർച്ച നടത്തിയതെന്നും സഖ്യ ചർച്ചകൾക്കായി പാർട്ടി നേതൃത്വം തന്നെ് ചുമതലപ്പെടുത്തിയതാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ചിരാഗ് പാസ്വാനെ മന്ത്രിയാക്കുമെന്നാണ് സൂചന. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ചിരാഗിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അതേസമയം പാർട്ടിക്കുള്ളിലെ വിഭാഗീയത ചിരാഗ് പാസ്വാന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. രാംവിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസ് ആണ് പാർട്ടിയിലെ ഒരു പക്ഷത്തെ നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാജിപൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചിരാഗ് പറഞ്ഞിരുന്നു. പശുപതി കുമാർ പരസ് ആണ് നിലവിൽ ഹാജിപൂർ എം.പി. രാംവിലാസ് പാസ്വാന്റെ മണ്ഡലമായിരുന്നു ഹാജിപൂർ. ഹാജിപൂർ തന്റെ സഹോദരൻ തന്ന സീറ്റാണെന്നും അടുത്ത തവണയും താൻ തന്നെയായിരിക്കും സ്ഥാനാർഥിയെന്നും പശുപതി കുമാർ പരസ് പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News