അലി​ഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ ഇരു വിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷം

കശ്മീരി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും എന്നാൽ അത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നും അവരിലൊരാൾ പറഞ്ഞു.

Update: 2022-12-26 10:56 GMT
Advertising

അലി​ഗഢ്: പ്രശസ്തമായ അലി​ഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ ഇരു വിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷം. കശ്മീരി വിദ്യാർഥികളും ഘാസിപുർ ​വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘർഷത്തിന് പിന്നാലെ യൂണിവേഴ്സിറ്റി എ.എം.യു സെന്റിനറി ഗേറ്റ് അടച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, സംഘർഷത്തിൽ എത്ര വിദ്യാർഥികൾക്ക് പരിക്കേറ്റു എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പ്രോക്ടർ ഓഫീസിൽ നിന്നും പൊലീസ് അഡ്മിനിസ്‌ട്രേഷനിൽ നിന്നും രണ്ട് ടീമുകൾ വീതം ഉടൻ സ്ഥലത്തെത്തി പരാതികൾ പരിഹരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമായി ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് വിദ്യാർഥികൾ അയഞ്ഞത്.

കശ്മീരി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും എന്നാൽ അത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നും കശ്മീരിൽ നിന്നുള്ള സർതാജ് ഹഫീസ് എന്ന വിദ്യാർഥി പറഞ്ഞു.

യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിക്രമങ്ങളിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ആക്രമണ സംസ്കാരവും അവസാനിപ്പിക്കണം- സർതാജ് പറഞ്ഞു.

കശ്മീരി വിദ്യാർഥികളും ഘാസിപൂർ വിദ്യാർഥികളും തമ്മിൽ ചില പ്രശ്നങ്ങൾ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് അഡീ. സിറ്റി മജിസ്ട്രേറ്റ് സുധിർ കുമാർ പറഞ്ഞു. പൊലീസ് സംഘവുമായി സംഭവ സ്ഥലത്തെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാർഥികൾ ശതാബ്ദി ഗേറ്റ് അടച്ചുപൂട്ടിയെന്നും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഒരു സംഘം എത്തിയ ശേഷം അത് വീണ്ടും തുറന്നതായും സുധിർ കുമാർ പറഞ്ഞു.

അതേസമയം, വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഒരു നിവേദനം നൽകുകയും നാളെ ജില്ലാ മജിസ്‌ട്രേറ്റിനെ കാണാൻ സമയം തേടുകയും ചെയ്തിട്ടുണ്ട്. ഡിസംബർ 27ന് അഞ്ച് കശ്മീരി വിദ്യാർഥികളുടെ സംഘം ജില്ലാ മജിസ്‌ട്രേറ്റുമായി ചർച്ച നടത്തും- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News