രണ്ടുപേർ ഡൽഹിയിൽ പോയി അമിത് ഷായുമായി ചേർന്നെടുത്ത തീരുമാനം അംഗീകരിക്കാനാവില്ല: സി.എം ഇബ്രാഹിം
എൻ.ഡി.എ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സി.എം ഇബ്രാഹിം മീഡിയവണിനോട് പറഞ്ഞു.
ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനം പാർട്ടിയെ എത്തിച്ചത് വൻ പ്രതിസന്ധിയിൽ. പാർട്ടി കർണാടക സംസ്ഥാന അധ്യക്ഷൻ സി.എം ഇബ്രാഹിം അടക്കമുള്ള നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. എൻ.ഡി.എ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
ഈ മാസം 16ന് വിളിച്ചു ചേർക്കുന്ന കർണാടക സംസ്ഥാന സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും. എൻ.ഡി.എ സഖ്യത്തിൽ ചേരാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റികൾ തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് സി.എം ഇബ്രാഹിം.
എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുമായും സി.എം ഇബ്രാഹീം ചർച്ച നടത്തിയിരുന്നു. എൻ.ഡി.എ സഖ്യത്തിനൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ബംഗളൂരുവിലെത്തി ദേശീയ അധ്യക്ഷൻ ദേവഗൗഡയെ അറിയിച്ചിരുന്നു.